കോഴിക്കോട് നിന്ന് ലോകത്തിലെ ഏറ്റവും ഉയരമേറിയ മോട്ടോറബിൾ പാസ്സായ ലഡാക്കിലെ ഖാർദുങ് ലാ പാസിലേക്ക് അഞ്ചംഗങ്ങൾ ബുള്ളറ്റിൽ നടത്തിയ സാഹസിക റോഡ് ട്രിപ്പിന്റെ കഥ

മൈനസ് എട്ട് ഡിഗ്രിയിൽ ലഡാക്കിലെ ലേ ജില്ലയിലുള്ള ഖാർദുങ് ലാ പാസിൽ നിൽക്കുമ്പോൾ ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. കൈ വിരൽതുമ്പുകൾ കുത്തി വേദനിക്കുന്നതും, യാത്രയിലെ തടസങ്ങളും മനസിനൊപ്പം ശരീരവും മറന്നിരുന്നു. എവിടെയും 'മഞ്ഞണിഞ്ഞ"കാഴ്ചകൾ മാത്രം. മഞ്ഞിൽ മുങ്ങിയ വികാരം മാത്രം. വാഹനമോടിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ ചുരത്തിൽ ബൈക്കോടിച്ചെത്തിയ ചാരിതാർത്ഥ്യം. ഞങ്ങൾ അഞ്ചുപേർ. ഞാൻ അംന, രോഹിത് തയ്യിൽ, അമൃത, അശ്വിൻ,വിശ്വജിത് എന്നിവർ അനുഭവിച്ചറിയുകയായിരുന്നു.
ലേ യിൽ നിന്നും ഖാർദുങ് ലായിലേക്ക് കോഴിക്കോട് നിന്നുംബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ വഴിയിൽ പരിചയപ്പെട്ട യാത്രികർ പറഞ്ഞ കഥകളായിരുന്നു മനസിൽ. കൊടും തണുപ്പിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുമെന്നും, ഓക്സിജൻ സിലിണ്ടർ കൈയിൽ കരുതണമെന്നുമൊക്കയുള്ള ഉപദേശങ്ങൾ. കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരൻ ശ്വാസം കിട്ടാതെ ബോധമറ്റ് വീണുവെന്നും, വിരൽതുമ്പുകളും കൈപ്പത്തിയും പൊട്ടി കീറി രക്തം വന്നെന്നുമൊക്കെ അവർ പറഞ്ഞപ്പോൾ ഭീതി മൊട്ടിടുന്നുണ്ടായിരുന്നു. എന്നാൽ ഇത്രയും കാലം ആഗ്രഹിച്ച യാത്ര അതിന്റെ പരിസമാപ്തിയിലേക്ക് കടക്കുന്നതിന്റെ ആവേശത്തിൽ ആ ചിന്തകളെല്ലാം മഞ്ഞ് പോലെ അലിഞ്ഞു.പ്രകൃതി ഞങ്ങളുടെ കൂടെയായിരുന്നു. പൗലോ കൊയ്ലോ പറഞ്ഞതു പോലെ ഞങ്ങൾ അതിയായി ആഗ്രഹിച്ചപ്പോൾ പ്രകൃതി പോലും അതിനായി ഒരുങ്ങി. ഹൃദയം വേഗം മിടിച്ചു . കാഴ്ചയിൽ മലകൾ പതിയെ വെള്ളപുതച്ചു തുടങ്ങിയിരുന്നു. സോനാ മാർഗ് കടന്ന് രാത്രി 12 മണിക്ക് ദ്രാസിലെത്തിയ മണിക്കൂറുകൾ ഖാർദുങ് ലാ വരെ ഞാൻ ജീവനോടെ ഉണ്ടാവുമോ എന്ന സംശയം ജനിപ്പിച്ചിരുന്നു.
യാത്രയിലെ ഏറ്റവും കഠിനമായ ദിവസമായിരുന്നു അത്. മഞ്ഞും മഴയും ചേർന്ന് വഴികൾ ഓഫ് റോഡാക്കി. ചളിയൊഴുകിയ റോഡും ഉരുകി കൊണ്ടിരിക്കുന്ന ഒരു വശത്തെ മഞ്ഞ് മലയും മറുവശത്തെ അഗാധ ഗർത്തവും കടന്നു പോവുന്ന നിമിഷങ്ങളെ ഞങ്ങൾ അതിജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ടിരുന്നു. ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ ജനവാസപ്രദേശമായ ദ്രാസ് അതിന്റെ പകലിൽ തലേന്ന് രാത്രിയുടെ ഭീകരരൂപം വെടിഞ്ഞ് സമാധാനം പൂണ്ടിരുന്നു. ഖാർദുങ് ലാ പാസിലെ ആരോഗ്യത്തോടെയുള്ള ഓരോ ചുവടും ആനന്ദത്തിന്റേതായിരുന്നു. മഞ്ഞ് മലയിൽ നടന്നു കയറുമ്പോൾ, പ്രെയർ ഫ്ലാഗിനും ഖാർദുങ് ലാ ബോർഡിനും മുന്നിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ ജീവിച്ചിരിക്കുന്നതിന് ഒരു അർത്ഥമുണ്ടായതായി തോന്നിയത് എനിക്ക് മാത്രമാവില്ല!.. യാത്രയിലെ ക്ളേശങ്ങളെല്ലാം അപ്പോൾ മനസിൽ നിന്നും മാഞ്ഞുപോയി. ഭൂമിയിലേക്ക് മഞ്ഞ് വീഴുമ്പോൾ ചില മനുഷ്യർ എന്റെ ഓർമകളിലേക്ക് പിടിച്ചു കയറുകയായിരുന്നു. വിശന്നുവലഞ്ഞ ലേയിലെ രാത്രിയിൽ അത്താഴത്തിനായി കരുതിയിരുന്ന പിസ ഞങ്ങൾക്ക് ദാനം ചെയ്ത ആ അപരിചിതർ..കേരള രജിസ്ട്രേഷൻ ബൈക്കു കണ്ട് യാത്ര ചെയ്തിരുന്ന ബസിൽ നിന്ന് ചാടിയിറങ്ങി നിറഞ്ഞ ക്ലോസപ്പ് ചിരിയുമായി ഞങ്ങൾക്കരികിലേക്ക് വന്ന സിബിൻ ,ലേ യിലെ ഖയാൽ സ്വന്തം വീടുപോലെ കരുതിക്കോളാൻ പറഞ്ഞ വീട്ടുടമസ്ഥൻ. അങ്ങനെ പല ഉപകാരങ്ങളായിരുന്നു ഓർക്കാനുണ്ടായത്. ഓരോ ദിവസവും കടന്നു പോവുമ്പോൾ ഇവരോടുള്ള കൃതാർത്ഥതയും കൂടിക്കൊണ്ടിരിക്കുന്നു.
ഖയാലിലെ ഒരു പ്രഭാതത്തിൽ ഞങ്ങളെ വരവേറ്റത് ആകാശത്തിൽ നിന്നും പൊഴിഞ്ഞു വീഴുന്ന മഞ്ഞുതുള്ളികളായിരുന്നു. പൂത്തു നിൽക്കുന്ന ആപ്രിക്കോട്ട് മരത്തിന്റെ ചില്ലകളിലൂടെ ആലിപ്പഴം മണ്ണ് തൊടുമ്പോൾ ജീവിതം അവിടെ പോസ് ആയെങ്കിൽ എന്ന് കൊതിച്ചു പോയി. കോഴിക്കോട് നിന്നും ലോകത്തിലെ ഏറ്റവും ഉയരമേറിയ മോട്ടോറബിൾ പാസ്സായ ഖാർദുങ് ലാ പാസിലേക്ക് ബുള്ളറ്റെടുത്ത് അഞ്ചംഗമായി റോഡ് ട്രിപ്പ് തുടങ്ങുമ്പോൾ മനസിൽ ഈ മഞ്ഞുമലകൾ മാത്രമായിരുന്നു. ഓരോ സംസ്ഥാനങ്ങളും പിന്നിട്ട് ഇവിടെ തണുത്ത് വിറച്ച് നിൽക്കുമ്പോൾ പ്രകൃതിക്കും ജീവജാലങ്ങൾക്കും നന്ദി പറയാതെ വയ്യ.
(ലേഖികയുടെ നമ്പർ: 8921891911)

ഖാർദുങ് ലാ പാസ്
ലഡാക്കിലെ ലേ ജില്ലയിലുള്ള ഒരു ചുരമാണ് ഖാർദുങ് ലാ പാസ്. ഖാർദുങ് ലായുടെ ഉയരം 5,359 മീറ്റർ ( 17,582 അടി) ആണ്. വാഹനമോടിക്കാവുന്ന ലോകത്തിലെ എറ്റവും ഉയരം കൂടിയ ഇൗ ചുരം 1976 ലാണ് നിർമ്മിച്ചത്. 1988 ൽ ഇത് പൊതു മോട്ടോർ വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. 'ലേ"ഇതിന്റെ എറ്റവും അടുത്തുള്ള നഗരമാണ് . ഷിയോക്, നുബ്രു താഴ്വരകളിലേക്കുള്ള കവാടമാണ് ഖാർദുങ് ലാ പാസ്. ഇരുചക്രവാഹനങ്ങൾ മുതൽ ഹെവി ട്രക്കുകൾ വരെയുള്ള എല്ലാത്തരം വാഹനങ്ങളും ഇതിലൂടെ കടന്നുപോകും. സിയാച്ചിൻ ഗ്ളേഷ്യറിലേക്കുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഈ ചുരം ഉപയോഗിക്കുന്നതിനാൽ ഇന്ത്യയെ സംബന്ധിച്ച് ഇതിന് വളരെ പ്രാധാന്യം ഉണ്ട്.