കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ അനുജൻ എം.എൻ രാമചന്ദ്രൻ നായർ എമ്മനെപ്പോലെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കാരനായിരുന്നു. പാർടിക്കും നാടിനും വേണ്ടി ജീവിതവും സമ്പത്തും സമർപ്പിച്ച രാമചന്ദ്രൻനായർ ഒരുനാൾ ജീവിതമുപേക്ഷിച്ച് കാലയവനികയിലേക്ക് മടങ്ങി ,പാർടി അദ്ദേഹത്തോട് കാട്ടിയ നീതികേടിനെക്കുറിച്ച് അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും പാർടിനേതാക്കൾക്കിടയിൽ കൊച്ചുഗോപിച്ചേട്ടൻ എന്നുമറിയപ്പെട്ടിരുന്ന ഗോപിനാഥൻനായർ മരിക്കുന്നതിനുമുമ്പ് രാമചന്ദ്രൻനായരുടെ മകനെ എഴുതിയേൽപ്പിച്ച കുറിപ്പാണിത് .രാമചന്ദ്രൻനായർ വിടപറഞ്ഞിട്ട് ഈ മാസം 45 വർഷമായി.

എം.എൻ രാമചന്ദ്രൻ നായർ
ഒരു സന്ധ്യ.
ഇടപ്പള്ളി സംഭവം നടന്നിട്ട് ചില ദിവസങ്ങളേ കടന്നുപോകുന്നുള്ളു.
പൊലീസ് സ്റ്റേഷൻ.
അരണ്ട വെളിച്ചത്ത് പരിപൂർണ നഗ്നനായ ഒരു യുവാവ് നിൽക്കുന്നു. പിന്നിൽ ഒരു കസേര താങ്ങിപ്പിടിച്ച് ഒരു കാക്കിധാരിയും. യുവാവിന് മുമ്പിൽ 'ഹേഡദ്ദേഹം." പറഞ്ഞു. 'ഇരിക്കണം സാർ ഇരിക്കണം."
യുവാവ് ഒഴിഞ്ഞുമാറുമ്പോൾ ഹേഡദ്ദേഹത്തിന്റെ ശബ്ദം ഉയരുന്നു. കർക്കശമാകുന്നു. ആജ്ഞയാകുന്നു...
'കാക്കി"കളുടെ 'ഉന്നം" മനസിലാക്കിയ യുവാവ് ഭിത്തിയുടെ അരികിലേക്ക് മാറാൻ ശ്രമിക്കുന്നു. ഇൗ 'കിളിത്തട്ടുകളി" ചില നിമിഷങ്ങളേ നീണ്ടുനിന്നുള്ളു.
ചുറ്റും നോക്കിനിന്ന. 'കാക്കി" കൾ അക്ഷമരായി.
'ഇരിയടാ, " എന്നൊരട്ടഹാസം. ഹേഡങ്ങത്തയുടെ മുട്ടുകയറ്റൽ... കാക്കികൾ ആ ചെറുപ്പക്കാരന്റെ പുറത്ത് ചാടിവീണു.
വിളക്ക് കണ്ണടച്ചുകളഞ്ഞു.. അടിയുടെ ശബ്ദം...
അട്ടഹാസം... നിലവിളി... അലർച്ച... ഇരുട്ടത്ത് മതിലുകൾ നിന്നുവിറച്ചു. അടി വീണ്ടും വീണ്ടും... ഒടുവിൽ എല്ലാം ശാന്തമായി.
'അവന്റെമ്മേടെ സാഹിത്യ പ്രചരണം." തീർന്നു.
ഒരു കാക്കിയുടെ ഉറക്കെയുള്ള പരിഹാസം..
ഒടുവിൽ എല്ലാം നിലച്ചു. വിളക്ക് തെളിഞ്ഞു.
ചോരയിൽ കുളിച്ച് പ്രജ്ഞയറ്റ് യുവാവ് അവിടെ കിടന്നിരുന്നു.
പൊലീസ് ഇടിച്ച് തകർത്തിട്ട ആ മനുഷ്യനെ ഇന്ന് പലരും മറന്നുപോയിരിക്കുന്നു..
അത് സഖാവ്. എം.എൻ. രാമചന്ദ്രൻ നായരായിരുന്നു.
'എമ്മെന്റെ"(എം.എൻ.ഗോവിന്ദൻ നായർ) അനുജൻ.
1952 കളിൽ ജനാധിപത്യം കൊടികുത്തി വാണ കാലത്ത് കമ്മ്യൂണിസ്റ്റുകാരനുമാത്രം ഒരു അടിയന്തരാവസ്ഥ ഉണ്ടായിരുന്നു. ഏത് പൊലീസുകാരനും അവനെ കസ്റ്റഡിയിലെടുക്കുകയോ തല്ലുകയോ കൊല്ലുകയോ ചെയ്യാം. എതിരെ പ്രതിഷേധിക്കാൻ വലിയ ആൾ ബഹളമൊന്നും അന്ന് കണ്ടില്ല. അവന്റെ ചങ്കുറപ്പിലും പിച്ചാത്തിപ്പിടിയിലും നിലനിൽപ്പു തേടേണ്ട രംഗം പോലുമുണ്ടായി. അക്കാലത്ത് 'ഒറ്റുകാരും"'ഒാഹരി"ക്കാരും ഒാടി നടന്നിരുന്നു.
ഉത്സവപ്പറമ്പിലിറങ്ങി ജനങ്ങളോട് കമ്മ്യൂണിസം പറയാനും സാഹിത്യം വിൽക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പടക്കുതിര ഉണ്ടായിരുന്നു. അയാളുടെ ശബ്ദം എന്തിലും മീതെ ഉയർന്നു കേട്ടു. 'നാട്ടിൻപുറത്തെ പട്ടിണിപ്പാവങ്ങളോട് ലെനിൻ എന്ന് ആദ്യം പറഞ്ഞയാൾ." വീണ്ടും വീണ്ടും അതുകേട്ട് ആളുകൾ തിരിഞ്ഞുനിന്നു. സഖാവ് അവരോട് കമ്മ്യൂണിസം പറഞ്ഞു...
ചില ഒറ്റുകാർ ബഹളമുണ്ടാക്കി. ചില കാക്കികൾ കൈയേറ്റം നടത്തി. എങ്കിലും ആളു കൂടുന്നിടത്തെല്ലാം ആ ശബ്ദം ഉയർന്നുകേട്ടു... ആ സാഹിത്യ പ്രചാരകനാണ് 'പ്രോഗ്രസീവ് ലിറ്ററേച്ചർ ഏജൻസി" സ്ഥാപിച്ചു നടത്തിയത്. പിന്നീടത്  'പ്രഭാത് ബുക്ക് ഹൗസാ"യത്. അതിന്റെ മാനേജരും പ്രചാരകനും എല്ലാം സ. എം.എൻ. രാമചന്ദ്രൻ നായരായിരുന്നു. ഉത്തര കേരളത്തിലെവിടെയോ അജ്ഞാതനായി അവസാനകാലം കഴിച്ചു. 'പപ്പേട്ടൻ" രാമചന്ദ്രന്റെ നേതാവും വലം കൈയുമായിരുന്നു. പാർട്ടി സാഹിത്യം വിൽക്കുന്നതും ഒാരോ കമ്മ്യൂണിസ്റ്റുകാരന്റേയും ചുമതലയായിരുന്നകാലത്ത് പപ്പേട്ടനും രാമചന്ദ്രനും കടന്നുചെല്ലാത്ത ഗ്രാമങ്ങളില്ല. പാർട്ടി സാഹിത്യം വിറ്റതിന് ചോര കൊടുത്ത മഹാ മനുഷ്യരായിരുന്നു ഇവർ.
കാറും എ.സിയും കാലികമായ മറ്റു മാറ്റങ്ങളും അനുഗ്രഹിച്ച ആ സ്ഥാപനംപോലും ഇന്ന് ഇവരെ മറന്നുപോയിരിക്കുന്നു.
* * *
കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ ആദ്യകാല പ്രവർത്തകർക്ക് മറ്റൊരനുഭവമുണ്ട്. 1954 ൽ പാർട്ടിയിൽ നിന്നും തന്ന 2000/-രൂപയുമായി ഞങ്ങൾ മിഴിച്ചുനിൽക്കുമ്പോൾ ഞങ്ങൾക്ക് ഒരത്താണിയുണ്ടായി. സാക്ഷാൽ എം.എൻ. രാമചന്ദ്രൻ നായർ. ദിനപത്രത്തിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് എല്ലാം ചിട്ടയായി പ്ളാൻ ചെയ്തു നീക്കിയ അയാളുടെ കർമ്മപാടവം പത്രത്തിന്റെ നിലനിൽപ്പിന് കാരണമായി. അഷ്ടമുടി വിശ്വനാഥനും പന്തളം രാമവർമ്മയുംം ഇ.വി. കേശവനും ഉള്ളുരുപ്പിൽ കരുണാകരനും, പണിക്കർ ചേട്ടനും മറ്റു തൊഴിലാളി സഖാക്കളും രാമചന്ദ്രനോടൊപ്പം ആ ഭാരം പങ്കിട്ടുനിന്നു. അവർ ഒരിക്കലും അലോസരപ്പെട്ടില്ല. ഒരു ചില്ലിക്കാശും ചൂഷണം ചെയ്തില്ല. ജീവിതത്തിനൊരു ശാദ്വല ഭൂമിതേടി കണക്കുശാസ്ത്രവുമായി പൊതുരംഗത്ത് വന്നതല്ല എം.എൻ. രാമചന്ദ്രൻ. ജീവിതത്തിൽ നന്ദികേടിന്റെ പല മുഖങ്ങൾ കണ്ടതാണയാൾ.
പാർട്ടി സ്ഥാപനങ്ങളിൽ നിന്നു ഇറങ്ങിപോന്നിട്ടും രാമചന്ദ്രൻനായർ പാർട്ടിയേയും പാർട്ടി പ്രവർത്തകരേയും സ്നേഹിച്ചിരുന്നു. പ്രസ്ഥാനത്തിന് കളങ്കം ചേർക്കുന്ന ഒന്നിനോടും അദ്ദേഹത്തിന് വിട്ടുവീഴ്ചയുണ്ടായില്ല. 'നേട്ടങ്ങൾക്ക് " എച്ചിലിലയിൽ ജീവിച്ച പാരമ്പര്യം രാമചന്ദ്രനില്ലായിരുന്നു. സ്വന്തം ജീവിതവും കുടുംബവുമൊന്നും അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. തല ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വകാര്യ മുതലാളിയുടെ പടി ഇറങ്ങിപ്പോരുമ്പോഴും ആ തന്റേടം സജീവമായിരുന്നു. ബാദ്ധ്യതകളും അഭിമാനവും മത്സരിച്ച് പൊരുതിയ കളരിയിൽ അദ്ദേഹത്തിന്റെ ജീവിതാവബോധ ശക്തിയിൽ എന്തു മാറ്റമുണ്ടായി എന്നത് ചിന്താവിഷയമല്ല. അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. ജീവൻകൊണ്ട് കളിച്ച് പ്രസ്ഥാനത്തെ രക്ഷിച്ച ചരിത്രമുണ്ട്. അതിന് കൊടുക്കേണ്ട വില 'വിസ്മൃതി" അല്ല.
ഇൗ സാഹസികരുടെ സ്മരണപോലും ഭയക്കുന്ന ചിലർ പൊതു പ്രസ്ഥാനങ്ങളിൽ കയറിപ്പറ്റുന്നു. നിലാവെളിച്ചത്ത് കൊയ്യാനിറങ്ങിയ നാട്ടുപ്രമാണിമാർ. പൊയ്മുഖമിട്ട് അരങ്ങു പിടിക്കുവാൻ അവർ ഒാടിനടക്കുന്നു. ചിലരെ ഒാർക്കുന്ന ചിലരുണ്ട്. സൗകര്യപൂർവ്വം ചിലരെ മറക്കുന്നവരുമുണ്ട്. ഇൗ മഹാമനുഷ്യരുടെ കഥ ഒാർക്കുന്ന ചിലരെങ്കിലും ഇൗ ഭൂമിയിലുണ്ടാകണം. അല്ലെങ്കിൽ ഇൗ മണ്ണിൽ ഒരു നിമിഷം കഴിയാൻ വയ്യെന്നാവും. ശ്വാസം വിലങ്ങിപ്പോകും...
(2006 ൽ എഴുതിയത് . ലേഖകൻ 2010ൽ
അന്തരിച്ചു).