മരണ ശേഷം ഞാൻ അച്ഛന്റെ ഡയറി കാണാനിടയായി. അതിന്റെ ആദ്യ പേജിൽ എഴുതിയിരിക്കുന്നത് 'കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന ചങ്ങമ്പുഴയുടെ വരികൾ തന്റെ ജീവിതത്തിലും സത്യമായി എന്നാണ്.

ഭാര്യ കെ. ഗോമതിയമ്മയോടൊപ്പം എം.എൻ രാമചന്ദ്രൻ നായർ ( ഫയൽ ചിത്രം)
എന്റെ അമ്മയുടെ അച്ഛൻ തൊഴുകൈകളോടെ കരയുന്നു. 1977 ആഗസ്റ്റ് 12 വെളുപ്പിന് ഞാൻ കണ്ട സ്വപ്നമാണ്.
പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കും എന്ന കേട്ടുകേൾവി എന്നെ അസ്വസ്ഥനാക്കി. അപ്പൂപ്പൻ എന്തിനാണ് അങ്ങനെ കരഞ്ഞതെന്നു വ്യക്തമായില്ല. മിഥ്യയായ സ്വപ്നങ്ങൾ ചിലപ്പോൾ ഒരു യാഥാർഥ്യമാകാം. ഏകദേശം ഒരാഴ്ച മുൻപായിരുന്നു എന്റെ അച്ഛൻ എം.എൻ.രാമചന്ദ്രൻനായർ സിൻഡിക്കേറ്റ് ബാങ്കിന്റെ മണിപ്പാൽ ഹെഡ് ഓഫീസിലേക്ക് യാത്ര പോയത്. ദൂരയാത്ര കഴിഞ്ഞു തിരികെ വരുന്ന അച്ഛനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ അധികം തിരക്കില്ലാത്ത സമയങ്ങളിൽ കൂട്ടികൊണ്ട് വരുന്നത് ഞാനായിരുന്നു. പതിവുപോലെ എപ്പോൾ വിളിക്കാൻ എത്തണമെന്ന് അച്ഛനോട് ചോദിച്ചപ്പോൾ അനുകൂല മറുപടി കിട്ടിയിരുന്നില്ല. അന്ന് യാത്ര പോകാൻ വേണ്ടി എടുത്ത സ്യൂട്ട്കേസിൽ മുഖംനോക്കുന്ന ഒരു പൊട്ടിയ വട്ടക്കണ്ണാടിയും കുറെ രേഖകളും ഞാൻ ശ്രദ്ധിച്ചിരുന്നു. അച്ഛന്റെ അന്നത്തെ ചലനങ്ങളിൽ ഒരു നിരാശ ഉണ്ടായിരുന്നതായി പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട് .
തിരുവനന്തപുരം എം.ജി. കോളേജിൽ ബി.കോം രണ്ടാം വർഷം പഠിച്ചുകൊണ്ടിരുന്ന എന്റെ ക്ലാസ്സിലേക്ക് ഏകദേശം പതിനൊന്നര മണിയോടെ എന്റെ കസിൻസായ അജയനും ജ്യോതിച്ചേട്ടനും കൂടി നടന്നു വരുന്നത് ഞാൻ കാണാനിടയായി. ചന്ദ്രൻ സാർ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. സാറിന് കുട്ടികളുടെയും അവരുടെ അച്ഛന്മാരുടെയും പേരുകൾ മനഃപാഠമായിരുന്നു. അജയനും ജ്യോതിച്ചേട്ടനും ചന്ദ്രൻ സാറുമായി വരാന്തയിൽ നിന്ന് സംസാരിക്കുന്നതു ഞാൻ കണ്ടു. തിരികെ ക്ലാസ്സിൽ വന്ന സാർ എന്നെ അച്ഛന്റെ പേരുപറഞ്ഞു അടുത്ത് വിളിച്ചു. എന്ത് വന്നാലും മോൻ തളരരുത് എന്ന് സ്നേഹവാത്സല്യത്തോടെ എന്നോട് പറഞ്ഞു.
കാറിൽ കയറി യാത്ര തുടങ്ങിയപ്പോൾ കുഞ്ഞമ്മാവൻ എറണാകുളത്തെ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന് ജ്യോതി ചേട്ടൻ പറഞ്ഞു. പിന്നീട് കാർ നേരെ പോയത് കരമന നീറമൺകര എൻ.എസ്.എസ്. കോളേജിലേക്കാണ് അവിടെയാണ് എന്റെ സഹോദരി ആശ പഠിച്ചിരുന്നത്. ആശയേയും കൂട്ടി യാത്ര തുടരുമ്പോൾ ഞങ്ങൾ താമസിക്കുന്ന തിരുമല വലിയവിളയിൽ വീട്ടിലേക്കല്ലേ പോകുന്നതെന്ന എന്റെ ചോദ്യത്തിന്, പന്തളത്തെ കുടുംബ വീട്ടിലേക്കാണ് ഇപ്പോൾ പോകേണ്ടതെന്നു അജയൻ പറഞ്ഞു . അച്ഛന് എന്തോ അപകടംപറ്റി എന്ന തോന്നൽ എന്നെ തളർത്തി തുടങ്ങിയിരുന്നു. പന്തളത്ത് എത്തിയ ഞങ്ങൾ കാണുന്നത് അച്ഛന്റെ മൃതദേഹമാണ്. എന്നെ ജീവിതത്തിൽ ഏറ്റവും തളർത്തിയ മരണം അതായിരുന്നു. ആ വേർപാട് എന്നെ അക്ഷരാർത്ഥത്തിൽ ഒരു അന്ധകാരത്തിൽ എത്തിച്ചു.
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം കൊല്ലത്തായിരുന്നു താമസം. അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രം, ഓഫീസിൽ നിന്ന് തിരക്കിട്ടു ഉച്ചഭക്ഷണത്തിനായി എത്തുന്ന ഉത്സാഹശാലിയായ രൂപമാണ്. അതിനു ശേഷം ഞങ്ങൾ പന്തളത്തേക്കു താമസം മാറിയപ്പോൾ ആഴ്ചയിൽ ഒരുദിവസം അച്ഛൻ വീട്ടിൽ എത്തിയിരുന്നു. ബന്ധുവീടുകൾ സന്ദർശിക്കുകയും എല്ലാപേരോടും സ്നേഹവും സഹായമനസ്കതയും കാണിച്ചിരുന്നു. എമ്മെൻ വലിയച്ഛനോടും സ്വാമി വലിയച്ഛനോടും(സ്വാമി കൃഷ്ണാനന്ദ ) ബന്ധുക്കൾക്ക് സ്നേഹം നിറഞ്ഞ ബഹുമാനമായിരുന്നു. എന്നാൽ ബന്ധുവീടുകളും സുഹൃദ് സംഘങ്ങളും അച്ഛന്റെ നിറസാന്നിദ്ധ്യത്തിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ തീർക്കുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. അച്ഛന് ദുഃഖങ്ങൾ ഉണ്ടെന്ന തോന്നൽ ആരിലും ഉണ്ടായിരുന്നില്ല ,പറഞ്ഞിരുന്നില്ലെന്നതാണ് സത്യം.
മരണ ശേഷം ഞാൻ അച്ഛന്റെ ഡയറി കാണാനിടയായി. അതിന്റെ ആദ്യ പേജിൽ എഴുതിയിരിക്കുന്നത് 'കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" എന്ന ചങ്ങമ്പുഴയുടെ വരികൾ എന്റെ ജീവിതത്തിലും സത്യമായി എന്നാണ്. മറ്റൊരു പേജിൽ ഞാൻ ചെയ്തതിൽ ഞാൻ സമാധാനിക്കുന്നു എന്നും, ഞാൻ വഴി നാന്നൂറിൽപരം ആളുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ജോലി കൊടുക്കാൻ കഴിഞ്ഞു എന്നും എഴുതിയിരുന്നു. എനിക്ക് അത് വളരെ അത്ഭുതമായി. അച്ഛൻ നിരവധി സ്ഥാപനങ്ങളിൽ ജനറൽ മാനേജർ ആയി ഇരുന്നിട്ടുണ്ട്, സ്വന്തമായി പല സ്ഥാപനവും നടത്തിയിട്ടുണ്ട്. 1977 നു മുൻപ് ഇത്രയും പേർക്ക് ജോലി കണ്ടെത്താൻ കഴിഞ്ഞു, അതും അമ്പത്തിരണ്ടാം വയസ്സിൽ മരണത്തിനു മുൻപ്.
കാലത്തിനു മാറ്റാനും മറക്കാനും കഴിയാത്ത ദുഃഖമില്ലെന്നും, ദുഃഖംഭാരം പങ്കിട്ടുതീർക്കാമെന്നും കേട്ടിട്ടുണ്ട്. എന്നാൽ അച്ഛന്റെ വേർപാട് ഇത്ര കാലമായിട്ടും എനിക്ക് വേദനനിറഞ്ഞ ഓർമ്മകൾ മാത്രം.
(ലേഖകന്റെ ഫോൺ: 9895166803)