
റിയാദ്: സൗദി അറേബ്യൻ സർക്കാരിനെ ചോദ്യം ചെയ്ത സാമൂഹിക പ്രവർത്തകയ്ക്ക് 34 വർഷം തടവ് ശിക്ഷ. ഇംഗ്ളണ്ടിലെ ലീഡ്‌സിൽ പി എച്ച് ഡി ചെയ്യുന്ന സൗദി സ്വദേശിനിയായ സൽമ അൽ ഷെഹാബ് (34) ആണ് ജയിൽവാസത്തിന് വിധിക്കപ്പെട്ടത്. 2021ൽ ജയിലിലടയ്ക്കപ്പെട്ട സൽമയ്ക്ക് ആറുവർഷം തടവിന് വിധിച്ചിരുന്നത് കഴിഞ്ഞയാഴ്ച 34 വർഷമായി ഉയർത്തുകയായിരുന്നു.
സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലെ പ്രവർത്തികൾ ചെയ്തുവെന്നാണ് സൽമയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാത്രമല്ല പൊതുജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും സൽമയ്ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ സൽമ രാജ്യത്തെ നിരവധി രാഷ്ട്രീയ തടവുകാരെക്കുറിച്ച് പോസ്റ്റുകൾ പങ്കുവച്ചിരുന്നു. സ്ത്രീകൾ വാഹനമോടിക്കുന്നതിനുള്ള വിലക്ക് മൂന്ന് വർഷം മുൻപ് നീക്കിയിരുന്നെങ്കിലും നിയമലംഘനം നടത്തിയെന്ന പേരിൽ തടവിലാക്കപ്പെട്ട ലൗജെയിൻ അൽ ഹത്‌ലൗൽ പോലുള്ള സാമൂഹ്യപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് അവർ നിരന്തരം ട്വീറ്റുകൾ പങ്കുവച്ചിരുന്നു. ഡിജിറ്റൽ വിപ്ളവം, സ്ത്രീകളുടെ മേൽ പുരുഷൻമാർ സ്ഥാപിച്ചിരുന്ന രക്ഷാകർതൃ സമ്പ്രദായം തുടങ്ങിയ വിഷയങ്ങളിലും സൽമ പ്രതികരിച്ചിരുന്നു.
രാജ്യത്ത് ഒരു പുരുഷനോ സ്ത്രീക്കോ നൽകുന്ന ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണ് സൽമയ്ക്ക് സൗദി സർക്കാർ വിധിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് സൽമ. സമീപകാലത്തായി 116 സ്ത്രീകളാണ് സൗദിയിൽ ജയിലിലടയ്ക്കപ്പെട്ടത്. ഇവരിൽ 60 പേർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.