
ഓണത്തിന് ഏറ്റവും പ്രധാനമേറിയ ഒന്നാണ് പൂക്കളവും ഓണത്തപ്പനും. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് സങ്കൽപം. തൃക്കാക്കരയപ്പൻ എന്ന പേരിലും ഓണത്തപ്പൻ അറിയപ്പെടുന്നു. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക.
ഐതീഹ്യം
പൂക്കളത്തോടൊപ്പം മണ്ണുകുഴച്ചുണ്ടാക്കി വയ്ക്കുന്ന രൂപമാണ് ഓണത്തപ്പൻ. തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന് മറ്റൊരു കൂട്ടർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു ഐതീഹ്യം.
തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്
കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, നിറം വരുത്താൻ ഇഷ്ടിക പൊടിയും ചേർക്കാറുണ്ട്. അഞ്ച് തൃക്കാക്കരയപ്പൻമാരെയാണ് സാധാരണയായി കുടിവെക്കുന്നത്.

കുടിയിരുത്തേണ്ടത്
ഉത്രാടദിവസം നാക്കിലയിൽ വേണം ഓണത്തപ്പനെ കുടിയിരുത്താൻ എന്നാണ് വിശ്വാസം. നടുവിൽ ഒരു വലിയ ഓണത്തപ്പനെയും ഇരുഭാഗത്തുമായി രണ്ട കുഞ്ഞ് ഓണത്തപ്പൻമാരെയും കുടിയിരുത്തണം. ഓണത്തപ്പന് അരിമാവ് കൊണ്ട് കൃഷ്ണ കിരീടം ഒരുക്കണം. തുമ്പ, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ കൊണ്ട് അലങ്കരിക്കുകയും വേണം.ശര്‍ക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട നേദിക്കുന്നതാണ് തൃക്കാക്കരയപ്പന് പ്രിയം എന്നാണ് വിശ്വാസം. ചിലർ അടയിൽ ശർക്കര ചേർക്കാതെ പഞ്ചസാര ചേർത്ത് പൂവടയും നേദിക്കും. ഒന്നാം ഓണം മുതൽ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കും. എന്നും രാവിലെയും വൈകിട്ടും പൂജിക്കണം.