
ന്യൂഡൽഹി: ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ പുരുഷന്മാരേക്കാൾ ലൈംഗിക പങ്കാളികളുള്ളത് സ്ത്രീകൾക്കെന്ന് സർവേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. രാജസ്ഥാനാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഹരിയാന, ചണ്ഡിഗഢ്, ജമ്മു കാശ്‌മീർ, ലഡാക്ക്, മദ്ധ്യപ്രദേശ്, അസാം, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവയാണ് പിന്നിലുള്ളത്.
2019-21 കാലഘട്ടത്തെ സർവേ റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. 28 സംസ്ഥാനങ്ങളിലും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 707 ജില്ലകളിലാണ് സർവേ നടത്തിയത്. 1.1 ലക്ഷം സ്ത്രീകളും ഒരു ലക്ഷം പുരുഷന്മാരും സർവേയിൽ പങ്കെടുത്തു.
അതേസമയം, വൈവാഹിക പങ്കാളിയോടല്ലാതെ ലൈംഗിക ബന്ധം പുലർത്തുന്നരുടെ എണ്ണത്തിൽ പുരുഷന്മാരാണ് കൂടുതലെന്നാണ് സർവേ പറയുന്നത്. ഇക്കാര്യത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം 0.5 ശതമാനം മാത്രമാണ്. എന്നാൽ പുരുഷന്മാർ 4 ശതമാനമാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.