
എന്നിട്ടും നമ്മളെന്തേ നാരായനെ ആഘോഷിച്ചില്ല എന്ന തലക്കെട്ടിൽ അന്തരിച്ച സാഹിത്യകാരൻ നാരായനെക്കുറിച്ച് ഓഗസ്റ്റ് 18 ന് കേരളകൗമുദി എഡിറ്റോറിയൽ പേജിൽ കോവളം സതീഷ് കുമാർ എഴുതിയ ലേഖനമാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക വേദികളിൽ നിന്ന് താൻ അനുഭവിച്ച തിക്താനുഭവങ്ങളെക്കുറിച്ച് നാരായന്റെ വാക്കുകൾ വേദന കിനിയുന്നതായിരുന്നു. സാംസ്കാരിക കേരളത്തിന്റെ കാപട്യം മുഴുവൻ വെളിച്ചത്തുവരാൻ ആ വാക്കുകൾക്കപ്പുറം എന്തുവേണം? സമ്പൂർണ സാക്ഷരതാ പട്ടവും ജാതി - മതസൗഹാർദ്ദങ്ങളുടെ സുവർണ പുറന്തോടുമുള്ള കേരളത്തിന്റെ സാഹിത്യ സാംസ്കാരികരംഗത്ത് ഇന്നും പച്ചയായ സവർണ - അവർണ വേർതിരിവ് നിലനിൽക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു.
ആദിവാസികളെക്കുറിച്ച് ഒരു ആദിവാസി എഴുതിയതാണല്ലോ നാരായന്റെ ആദ്യ നോവലായ 'കൊച്ചരേത്തി'. ദളിത് സാഹിത്യകാരൻ എന്ന ചട്ടക്കൂടിൽ തന്നെയാണ് ആ പ്രതിഭ ജീവിച്ചിരുന്നതും.
സാഹിത്യത്തിനും സാംസ്കാരിക ബോധത്തിനും മേൽനിന്ന് തൊട്ടുകൂടായ്‌മയുടെ ചട്ടക്കൂടുകൾ അഴിഞ്ഞുവീഴുന്ന കാലം വരുമോ എന്നെങ്കിലും ?
കാശിനാഥ് കെ.ആർ
മുണ്ടക്കയം