
ഹരാരേ : ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് ഹരാരേ സ്പോർട്സ് ക്ളബിൽ നടക്കും.
കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനത്തിൽ പത്ത് വിക്കറ്റിന് ജയിച്ച ഇന്ത്യ ഇന്നും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ 189 റൺസിന് ആൾഒൗട്ടാക്കിയ ശേഷം ഒരു വിക്കറ്റുപോലും നഷ്ടപ്പെടുത്താതെ 115 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.
അർദ്ധസെഞ്ച്വറികൾ നേടിയ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയ്ക്ക് ചേസിംഗ് ഈസിയാക്കിയത്.
കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ രണ്ടാം നിര ടീമിനെയാണ് സിംബാബ്‌വെയിലേക്ക് അയച്ചതെങ്കിലും ആതിഥേയർ വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷണവും കാട്ടുന്നില്ല.
കെ.എൽ രാഹുൽ ,സഞ്ജു സാംസൺ തുടങ്ങിയവർക്ക് ബാറ്റിംഗിൽ അവസരം ലഭിച്ചില്ല എന്നതുമാത്രമായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് കുറവായി ഉണ്ടായിരുന്നത്.
ടി.വി ലൈവ് : 12.45 മുതൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ