england-cricket

ലോഡ്സ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ളണ്ട് ഇന്നിംഗ്സിനും 12 റൺസിനും തോറ്റു.ആദ്യ ഇന്നിംഗ്സിൽ 165 റൺസിന് ആൾഒൗട്ടായ ഇംഗ്ളണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 326 റൺസ് നേടിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് മൂന്നാം ദിവസം 149 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.

അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്ന കാഗിസോ റബാദയാണ് ആദ്യ ഇന്നിംഗ്സിൽ ആതിഥേയരെ തകർത്തത്. തുടർന്ന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക നായകൻ ഡീൻ എൽഗാർ(47),സാൾ എർവീ (73),മാർക്കോ ജാൻസെൻ (48),കേശവ് മഹാരാജ് (41), അൻറിച്ച് നോർക്യേ (28) എന്നിവരുടെ മികവിലാണ് 326ലെത്തിയത് .

161 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നോർക്യേയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ റബാദയും കേശവ് മഹാരാജും മാർക്കോ ജാൻസനും ഒരു വിക്കറ്റ് വീഴ്ത്തിയ ലുംഗി എൻഗിഡിയും ചേർന്നാണ് വീണ്ടും ദുരിതത്തിലാക്കിയത്. ഓപ്പണർ അലക്സ് ലീസും (35) , വാലറ്റക്കാരൻ സ്റ്റുവർട്ട് ബ്രോഡും (35) മാത്രമാണ് ഇംഗ്ളീഷ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സാക്ക് ക്രാ‌വ്‌ലി (13),ഒലി പോപ്പ്(5), ജോ റൂട്ട് (6),ബെയർസ്റ്റോക്സ് (18), ബെൻ ഫോക്സ് (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി.