അരുമാനൂർ:ആദർശങ്ങളിൽ അടിയുറച്ച നിസ്വാ‌ർത്ഥമായ രാഷ്ട്രീയ,സാമൂഹിക പ്രവ‌ർത്തനവും,ലളിതമാർന്ന ജീവിത രീതിയും കൊണ്ട് തലമുറകൾക്ക് വഴികാട്ടിയ മാതൃകാ പൊതു പ്രവർത്തകനെയാണ് കെ.എസ്. ആനന്ദന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത്.

നെയ്യാറ്റിൻകര താലൂക്കിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും,തുടർന്ന് സി.പി.എമ്മിന്റെയും

സ്ഥാപക നേതാക്കളിൽ പ്രമുഖനായ കെ.എസ്.ആനന്ദൻ കാറപകടത്തിൽ സാരമായി പരിക്കേറ്റതിനെ

തുടർന്നാണ് വ്യാഴാഴ്ച രാത്രി മെഡിക്കൽ കോളേജാശുപത്രിയിൽ മരണമടഞ്ഞത്.അദ്ദേഹം സംസ്കൃത

അദ്ധ്യാപകനായിരുന്ന അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിലായിരുന്നു

അപകടം.പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,സി.പി.എം താലൂക്ക് കമ്മിറ്റി അംഗം,പൂവാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി,കർഷക സംഘം ഏരിയാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ.എസ്.ആനന്ദൻ നിരവധി കർഷക,മിച്ച ഭൂമി സമരങ്ങളിൽ പങ്കെടുത്ത് കൊടിയ പൊലീസ് മർദ്ദനങ്ങൾക്കും,ജയിൽ വാസത്തിനും വിധേയനായി.അക്ഷര ലോകത്തും ,ഇടതുപക്ഷ പ്രസ്ഥാനത്തിലും ഒട്ടേറെപ്പേർക്ക് മാതൃകയും, മാർഗ്ഗ ദർശിയുമായി.പ്രകൃതി ചികിത്സയുടെ ഉപാസകനായിരുന്ന അദ്ദേഹം കാപട്യമില്ലാത്ത കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എന്നതു പോലെ, കറ കളഞ്ഞ ഈശ്വര വിശ്വാസിയുമായിരുന്നു.രാഷ്ട്രീയ ഭേദമന്യേ ഏവരോടും

സൗഹൃദം കാത്തു സൂക്ഷിച്ച അദ്ദേഹം , സഹായം തേടി എത്തിയവർക്ക് എന്നും തുണയേകി..