high-court

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡോ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രിയ വർഗീസ് അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ അവരെ ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത നടപടിക്കൊരുങ്ങുകയാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ വെളിപ്പെടുത്തി. വി സിയുടെ നിയമന ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ടലംഘനമാണെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ച് വൈസ് ചാൻസലറുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തൽ. ന്യൂഡൽഹിയിലുള്ള ഗവർണർ മടങ്ങിവന്നാലുടൻ വൈസ് ചാൻസലർക്കെതിരെ നടപടിയുണ്ടാകുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 25നാണ് ഗവർണർ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.

അതിനിടെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ ഉടനെ കോടതിയെ സമീപിക്കേണ്ടെന്ന് കണ്ണൂര്‍ സർവകലാശാല തീരുമാനിച്ചു. നിയമനം മരവിപ്പിക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതിനെ കുറിച്ചുള്ള വ്യക്തകുറവാണ് കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം മാത്രം കോടതിയെ സമീപിക്കാനാണ് സർവകലാശാലയുടെ തീരുമാനം.