pic

മാഡ്രിഡ് : നിലവിലെ കടുത്ത ചൂട് യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശംവിതയ്ക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. സ്പെയിനിന്റെ പല ഭാഗത്തും കടുത്ത വരൾച്ചയാണ് നേരിടുന്നത്. എന്നാൽ, ഈ വരൾച്ചയ്ക്കിടെ ചരിത്രാന്വേഷികൾക്ക് കൗതുകമുണർത്തുന്ന കണ്ടെത്തൽ ഇപ്പോൾ ചർച്ചയാവുകയാണ്.

വരണ്ടുണങ്ങിയ ഒരു ഡാമിൽ പ്രത്യക്ഷപ്പെട്ട ലംബമായി നിരത്തിയ പുരാതന ശിലകളാണത്. ഡൊൽമെൻ ഒഫ് ഗ്വാഡൽപെറൽ എന്ന ഈ ശിലകൾ 'സ്പാനിഷ് സ്റ്റോൺഹെൻജ് " എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ മഹാശിലാ സ്മാരകമായ സ്റ്റോൺഹെൻജിനോടുള്ള സാമ്യമാണ് ഇങ്ങനെയൊരു പേരിന് കാരണം. സ്റ്റോൺഹെൻജിലേത് പോലെ ഇവിടെയും പുരാതന ശിലകൾ വൃത്താകൃതിയിലുള്ള പാതയിൽ നിരനിരയായി അടുക്കിയിരിക്കുന്നത് കാണാം. ബി.സി 5,000ത്തിലാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്നു.

ഇപ്പോൾ കസേറസ് പ്രവിശ്യയിലെ വാൽഡെകാനസ് റിസർവോയറിന്റെ ഒരു ഭാഗത്താണ് സ്പാനിഷ് സ്റ്റോൺഹെൻജിനെ കാണാനാവുക. റിസർവോയറിലെ ജലനിരപ്പ് 28 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വെള്ളം ഉയരുന്നതിന് മുന്നേ ഈ ശിലകളിൽ പഠനങ്ങൾ നടത്താനുള്ള തിരക്കിലാണ് ഗവേഷകർ.

1926ൽ ജർമ്മൻ ആർക്കിയോളജിസ്റ്റായ ഹ്യൂഗോ ഒബർമെയറാണ് സ്പാനിഷ് സ്റ്റോൺഹെൻജ് ആദ്യമായി കണ്ടെത്തിയത്. എന്നാൽ, 1963ൽ ഈ പ്രദേശം വെള്ളത്തിനടിയിലായി. അതിന് ശേഷം വെറും നാല് തവണ മാത്രമേ സ്പാനിഷ് സ്റ്റോൺഹെൻജിനെ പൂർണമായും പുറത്തുകാണാനായിട്ടുള്ളു. സ്പാനിഷ് സ്റ്റോൺഹെൻജ് ആരാണ് നിർമ്മിതെന്നോ ഇത് എന്തായിരുന്നെന്നോ വ്യക്തമല്ല.