
കൊച്ചി: കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ കേരളത്തിന്റെ അഞ്ച് കായികതാരങ്ങൾ ചേർന്ന് സ്വന്തമാക്കിയത് ആറ് മെഡലുകളാണ്. ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന്റെ സ്വർണവും അബ്ദുള്ള അബൂബേക്കറിന്റെ വെള്ളിയും, ലോംഗ്‌ജംപിൽ എം.ശ്രീശങ്കർ സ്വന്തമാക്കിയ വെള്ളി, വനിതാ ബാഡ്മിന്റണിൽ ട്രീസ ജോളി ടീം ഇനത്തിൽ നേടിയ വെള്ളിയും വനിതാ ഡബിൾസിൽ നേടിയ വെങ്കലവും, പുരുശ ഹോക്കിയിൽ ശ്രീജേഷിന്റെ വെള്ളി മെഡൽ എന്നിവയായിരുന്നു കേരള താരങ്ങളുടെ ഇത്തവണത്തെ മെഡൽ നേട്ടങ്ങൾ. ഇതിനു പുറമേ ചെന്നൈ മലയാളിയായ ദീപിക പള്ളിക്കൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ കായിക താരങ്ങളെ നേരിട്ടെത്തി അഭിനന്ദിക്കാനോ സമ്മാനതുക പ്രഖ്യാപിക്കാനോ സംസ്ഥാന സർക്കാരോ സംസ്ഥാന കായിക മന്ത്രിയോ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ എൽദോസ് പോളിന്റെ വീട് സന്ദർശിച്ച ശേഷം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ പുറംലോകം അറിയുന്നത്. എൽദോസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത് ചാലക്കുടി എം.പി ബെന്നി ബഹനാനും കുന്നത്തുനാടിന്റെ മുൻ എം.എൽ.എ വി.പി സജീന്ദ്രനും മാത്രമാണെന്ന് നാട്ടുകാർ പറഞ്ഞതായും ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. എൽദോസിന്റെ വീട് ഇതുവരെ സന്ദർശിക്കാൻ പോലും തയ്യാറാകാത്ത കായിക മന്ത്രിയെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന ശബരിനാഥൻ കേരളത്തിന്റെ കായിക മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം മെഡൽ ജേതാക്കൾക്ക് ഹരിയാന കോടികളുടെ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണമെഡൽ ജേതാക്കൾക്ക് 1.5 കോടി,വെള്ളിക്ക് 75 ലക്ഷം,വെങ്കലത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് ഹരിയാന നൽകുക. യു.പിയിൽ ഇത് ഒരുകോടി, 75 ലക്ഷം, വെങ്കലത്തിന് 50 ലക്ഷം എന്ന ക്രമത്തിലാണ്. പഞ്ചാബ് 75 ലക്ഷം, 50ലക്ഷം, 40 ലക്ഷം എന്ന ക്രമത്തിൽ നൽകും.
കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് എൽദോസ് പോൾ. ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ട്രീസ ജോളി. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോംഗ്ജമ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച നേട്ടമാണ് ശ്രീശങ്കറിന്റെ വെള്ളി. ഇത്രയേറെ പ്രത്യേകതകൾ ഉണ്ടായിട്ടും കേരളതാരങ്ങളുടെ നേട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകാത്തതിനെതിരെ കായികരംഗത്ത് വൻ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
കെ എസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം