
ശബരിമല : ശബരിമല അയ്യപ്പസ്വാമിക്ക് 107.75 പവന്റെ സ്വർണമുത്തുമാല സമർപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇദ്ദേഹം വ്യവസായരംഗത്തെ വളർച്ചയ്ക്കുള്ള നന്ദിസൂചകമായാണ് 41.29 ലക്ഷം രൂപ വില വരുന്ന മാല സമർപ്പിച്ചത്.
അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയിൽ ഡിസൈൻ ചെയ്ത മാല തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയാണ് നിർമ്മിച്ചത്. രുദ്രാക്ഷാകൃതിയിലാണ് സ്വർണ മുത്തുകൾ. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹംശബരിമലയി ദർശനത്തിനെത്തിയത്. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൽ സമർപ്പിക്കാനായിരുന്നു ഭക്തന്റെ തീരുമാനം. വിലപിടിപ്പുള്ളതിനാലും ഭണ്ഡാരത്തിലിട്ടാൽ പൊട്ടിപ്പോകാൻ സാദ്ധ്യതയുള്ളതിനാലും ദേവസ്വം ജീവനക്കാർ ഏറ്റുവാങ്ങുകയായിരുന്നു.
ഉച്ചപൂജയ്ക്ക് വിഗ്രഹത്തിൽ ചാർത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം മാനേജർക്ക് കൈമാറി. രസീതിൽ തിരുവനന്തപുരം സ്വദേശിയായ ഭക്തൻ എന്നുമാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ലഭിച്ചതിൽ ഏറ്റവും വിലപിടിപ്പുള്ള നേർച്ചയാണിത്. എവിടെ സൂക്ഷിക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും.