
മഴക്കാലം കൊതുകുകളുടെയും കാലമാണ്, കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും മുട്ടയിട്ട് പെരുകുന്ന കൊതുക് വൈറൽ ചിക്കൻഗുനിയ, ഡെങ്കിപ്പിനി, മലേറിയ തുടങ്ങിയ നിരവധി രോഗങ്ങളും പരത്തുന്നു. കൊതുക് ശല്യം കുറയ്ക്കാൻ കൊതുകിന് വളരാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക എന്നത് തന്നെയാണ് വേണ്ടത്.
രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ട് നാലിനും ഏഴിനും ഇടയിലാണ് കൊതുകിന്റെ ആക്രമണം ഏറ്റവും രൂക്ഷം, കൊതുകിന്റെ ശല്യം അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം വീട് വൃത്തിയോടെ സൂക്ഷിക്കുക എന്നത് തന്നെയാണ്. കെട്ടിക്കിടക്കുന്ന വെള്ളം, മലിനജലം, പാട്ടകൾ,പ്ലാസ്റ്റിക് പാത്രങ്ങൾ, ചെടിച്ചട്ടികൾ, ചിരട്ട എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ വീട്ടിൽ ഒഴിവാക്കാം.
പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. ജനൽ, വെന്റിലേറ്റർ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകു കടക്കാത്ത വലക്കമ്പി അടിക്കുക. കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിനു ചുറ്റും കൊതുകുവല ഇടുന്നത് ഉപകരിക്കും.
വെളുപ്പാൻകാലത്തും സന്ധ്യയ്ക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകയ്ക്കുക. വീടും പരിസരവും ഫോഗിംഗ് ചെയ്തും കൊതുകിനെ തുരത്താം. പകൽസമയങ്ങളിൽ പറമ്പിൽ ജോലിചെയ്യുന്നവർ കൊതുകു കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.
കൊതുകിനെ തുരത്താൻ ചില പ്രകൃതിദത്ത വഴികളുമുണ്ട്. സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്ക്കുന്നതു കൊതുകിനെ അകറ്റും. വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക. കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികൾ കത്തിച്ച് റാന്തൽ മുറ്റത്ത് വയ്ക്കുക.