
ന്യൂഡൽഹി: മദ്യനയത്തിലെ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. സിബിഐ കേസിന്റെ വിവരങ്ങൾ ഇഡി തേടിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ നടന്ന സിബിഐ റെയ്‌ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. സിസോദിയയെ സിബിഐ ഉടൻ ചോദ്യം ചെയ്യും. ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് സിബിഐ റെയ്‌ഡ് നടന്നത്. സിസോദിയയുടെ വസതിയിൽ മാത്രം 14 മണിക്കൂറാണ് റെയ്‌ഡ് നീണ്ടത്. റെയ്‌ഡിന് പിന്നാലെ സിസോദിയയുടെ ലാപ്പ്‌ടോപ്പും കമ്പ്യൂട്ടറും സിബിഐ കണ്ടെടുത്തിരുന്നു.
സിബിഐയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു തരത്തിലെ അഴിമതിയും നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും റെയ്‌ഡിനെ തുടർന്ന് സിസോദിയ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ ആം ആദ്‌മി സർക്കാർ കൊണ്ടുവന്ന മദ്യനയത്തിൽ അഴിമതിയാരോപിച്ച് ഫയൽ ചെയ്ത എഫ് ഐ ആറിലാണ് അന്വേഷണം നടക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസൻസ് സ്വകാര്യ കമ്പനികൾക്ക് കൈമാറിയിരുന്നു.