madhu-case

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി പറയുന്നു. മണ്ണാർക്കാട് എസ് സി, എസ് ടി കോടതിയാണ് വിധി പറയുന്നത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

പ്രതികൾ നേരിട്ടും ഇടനിലക്കാ‌ർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പതിനാറാം തീയതി ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികളെ സ്വാധീനീക്കാൻ ശ്രമിക്കരുതെന്ന ജാമ്യവ്യവസ്ഥ പ്രതികൾ ലംഘിച്ചെന്നും ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്.

2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) നാട്ടുകാർ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.