
ചെന്നൈ: തമിഴ്‌നാട് വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. നാഗപട്ടണം സ്വദേശി ടി വി ആർ മനോഹറിനെയാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഓഫീസിൽ ഇരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. ആദ്യം ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും മനോഹർ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.
സംഭവസമയം ഓഫീസിലുണ്ടായിരുന്ന മണിവേൽ എന്നയാൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മനോഹറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മണിവേലിന് പരിക്ക് പറ്റിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണം നടന്ന സമയം പ്രതികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു