arif-muhammad-khan

ന്യൂഡൽഹി: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വി സിയുടെ പെരുമാറ്റമെന്ന് ഗവർണർ പറഞ്ഞു. പദവിക്ക് യോജിച്ച രീതിയ്ക്കല്ല വി സിയുടെ പെരുമാറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവകലാശാലകൾ ബന്ധുക്കളെ നിയമിക്കാനുള്ളതല്ല, സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനവും അന്വേഷിക്കും. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും ഗവർണർ വിമർശിച്ചു.

കേരള സർവകലാശാല വി സിയുടെ നിയമനത്തിലും ഗവർണർ വിമർശനം അറിയിച്ചു. തന്റെ ചുമതലകളിൽ ആരും ഇടപെടാൻ വരേണ്ടതില്ല. മൂന്ന് വർഷത്തെ നിയമനങ്ങൾ അന്വേഷിക്കും. ഭരിക്കുന്ന പാർട്ടിയുടെ ബന്ധുനിയമനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗവർണർക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങുകയാണ് കേരള സർവകലാശാല. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും. വി സി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം വന്നാൽ വി സിക്കെതിരെ ഗവർണർ നടപടി എടുത്തേക്കും.