police

മുംബയ്: 26/11 മോഡലിൽ ഇന്ത്യക്കാരെ ഉപയോഗിച്ച് മുംബയിൽ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിൽ നിന്ന് ഭീഷണി സന്ദേശം. മുംബയ് പൊലീസ് ട്രാഫിക്ക് കൺട്രോൾ സെല്ലിന്റെ വാട്സാപ്പ് നമ്പരിലേക്കാണ് ഇന്നലെ ഭീഷണി സന്ദേശമെത്തിയത്. ഇന്ത്യക്കു പുറത്താണ് താനിപ്പോൾ ഉള്ളതെന്ന് സന്ദേശം അയച്ചയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെയുള്ള ആറ് പേർ ചേർന്നാകും ആക്രമണം നടത്തുകയെന്നും ഇയാൾ പറയുന്നു.

26/11 ആക്രമണത്തെ കൂടാതെ ഉദയ്‌പുർ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചും സന്ദേശത്തിൽ പരാമർശമുണ്ട്.ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബയ് പൊലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജൻസികളെയും വിവരം അറിയിച്ചിട്ടുണ്ട്. വ്യാജസന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്.

2008 നവംബർ 26ന് ലഷ്‌കർ ഇ തൊയ്ബ ഭീകരർ മുംബയ് നഗരത്തിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്തിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഹരിഹരേശ്വർ ബീച്ചിൽ മൂന്ന് എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നതെന്നത് സംഭവത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നു.