
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയുടേതാണ് നടപടി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കേസിലെ പതിനാറ് പ്രതികളിൽ പന്ത്രണ്ട് പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
കേസിലെ രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയില്ല.
പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. 122 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പതിനഞ്ച് പേരെ വിസ്തരിച്ചു. ഇതിൽ പതിമൂന്ന് പേരും കൂറുമാറിയിരുന്നു. 2018ലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്.
വാദങ്ങൾ കോടതിയെ ബോധിപ്പിക്കാൻ സാധിച്ചുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. പന്ത്രണ്ട് പ്രതികളിൽ മൂന്ന് പേർ മാത്രമാണ് കോടതിയിൽ എത്തിച്ചേർന്നത്. ബാക്കിയുള്ള ഒൻപത് പേർ ഹാജരാകാൻ സാധിക്കില്ലെന്ന് ഹർജി നൽകിയിരുന്നു. ഇത് കോടതി തള്ളി. ഈ ഒൻപത് പേർക്കും കോടതി വാറന്റ് പുറപ്പെടുവിച്ചു. തുടർനടപടികൾ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. അതേസമയം, വിധിയിൽ സന്തോഷമുണ്ടെന്നും നീതി കിട്ടുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു.