
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
കമ്മിറ്റിയെ നിയമിച്ചത് പിൻവലിക്കണമെന്നും പ്രമേയത്തിലുണ്ട്. നിയമനാധികാരിയായ ഗവർണർക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂർവ കാഴ്‌ചയാണ്. സെനറ്റ് യോഗത്തിൽ ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ അനുമതി നൽകിയ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ളയ്‌ക്കെതിരെ നടപടിയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഗവർണർക്ക് വിസിയെ സസ്പെൻഡ് ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാം.
കേരള സർവകലാശാല വി.സിയുടെ കാലാവധി ഒക്ടോബറിലാണ് അവസാനിക്കുന്നത്. നിലവിലെ നിയമപ്രകാരം ഗവർണറുടെ നോമിനി, സർവകലാശാല നോമിനി, യു.ജി.സി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവർണർക്ക് വി.സി നിയമന പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്ന് ഒരാളെ ഗവർണർ വൈസ് ചാൻസലറായി നിയമിക്കും.
സർവകലാശാല നോമിനിയുടെ പേര് നൽകാൻ വൈകിയതിനാൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവർണർ തന്നെ ഉത്തരവിറക്കി. ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഗവർണർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.
കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജിയാണ് ഗവർണരുടെ പ്രതിനിധി. കർണാടക കേന്ദ്ര സർവകലാശാല വി.സി ഡോ. ബട്ടു സത്യനാരായണയാണ് യുജിസി പ്രതിനിധി. സർവകലാശാല സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമാകുന്ന മുറയ്ക്കു കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണറുടെ ഓഫിസ് പുറത്തിറക്കിയത്.
അതേസമയം, സർവകലാശാലകളിലെ ബന്ധുനിയമനത്തെ വിമർശിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. സർവകലാശാലകൾ ബന്ധുക്കളെ നിയമിക്കാനുള്ളതല്ല, സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനവും അന്വേഷിക്കും. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും ഗവർണർ വിമർശിച്ചു.
കേരള സർവകലാശാല വി സിയുടെ നിയമനത്തിലും ഗവർണർ വിമർശനം അറിയിച്ചു. തന്റെ ചുമതലകളിൽ ആരും ഇടപെടാൻ വരേണ്ടതില്ല. മൂന്ന് വർഷത്തെ നിയമനങ്ങൾ അന്വേഷിക്കും. ഭരിക്കുന്ന പാർട്ടിയുടെ ബന്ധുനിയമനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.