gold

സ്വർണക്കടത്തിന്റെ പേരിൽ അടുത്ത കാലത്തായി കേരളത്തിൽ നിരവധി കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരികയാണ്. വിമാനത്താവളങ്ങൾ വഴിയാണ് പ്രധാനമായും സ്വർണക്കടത്ത് നടന്നുവരുന്നത്. ഇതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണവുമായി കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ പിടിയിലായതോടെ പുറത്തു വന്നിരിക്കുന്നത്. ഒരു മാസത്തിനിടെ ഇവിടെ രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരും ഒരു ഹവീൽദാറുമാണ് പിടിയിലായിരിക്കുന്നത്. വിമാനത്താവളത്തിൽ സ്വർണം കടത്തുന്നത് പിടിക്കാൻ നിയുക്തരായ ഉദ്യോഗസ്ഥർ തന്നെ അതിന് കൂട്ടുനിൽക്കുന്നു എന്ന ഗുരുതരമായ സ്ഥിതിവിശേഷം അന്വേഷിക്കപ്പെടേണ്ടതാണ്. വൻ മാഫിയകളുടെ പിടിയിലാണ് ചില ഉദ്യോഗസ്ഥർ എന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നതാണെങ്കിലും അതു തടയാൻ വേണ്ടപ്പെട്ടവർ മുതിരാത്തതിന്റെ പിന്നിലും പണത്തിന്റെ തിളക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സ്വർണക്കടത്തിന് ജയലിലിരുന്ന് പോലും ഗുണ്ടകൾ നേതൃത്യം നൽകുന്നുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇത് തടഞ്ഞില്ലെങ്കിൽ സമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന വൻ വിനയായി ഇൗ സംഘങ്ങൾ വളരുകയും അതിന്റെ തിക്താനുഭവങ്ങൾ നിരപരാധികൾ കൂടി അനുഭവിക്കേണ്ട വരികയും ചെയ്യും. കരിപ്പൂരിൽ ഇടയ്ക്കിടയ്ക്ക് സ്വർണക്കടത്ത് പിടിക്കുന്നുണ്ടെങ്കിലും കണ്ണടച്ച് പിടിക്കപ്പെടാതെ വിടുന്നതാണ് അധികവും. എതിർസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയ്ക്കും ഇവർ പരിചയമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാറുണ്ട്. ഇത് പിന്നീട് പുറത്ത് വിവിധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണമാവുന്നു. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ പിടിയിലായതോടെ സ്വർണക്കടത്ത് - ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷിക്കാൻ സി.ബി എെ ഒരുങ്ങുന്നതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് പ്രാഥമിക വിവരങ്ങൾ തേടി വരികയാണ്. സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്ന, സർക്കാർ ശമ്പളം വാങ്ങുന്ന എല്ലാ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതാണ്. ഇപ്പോൾ സ്വർണം പിടിക്കപ്പെട്ടാലും കൂലിക്കടത്ത് നടത്തുന്ന കാരിയർമാർ മാത്രമാണ് പിടിയിലാവുന്നത്. അവരെ നിയന്ത്രിക്കുന്നവരിലേക്ക് ഒരിക്കലും അന്വേഷണം നീളാറില്ല. അതാണ് എത്രപേർ പിടിക്കപ്പെട്ടാലും സ്വർണക്കടത്ത് വീണ്ടും കൂടിവരാനുള്ള പ്രധാന കാരണം. കഴിഞ്ഞവർഷം കോഴിക്കോട്ട് രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരണമടഞ്ഞ സംഭവം സ്വർണക്കടത്ത് കുടിപ്പകയുടെ ഭാഗമായി നടന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതുപോലെ ഇൗ വർഷം മേയിൽ കരിപ്പൂരിലിറങ്ങിയ ഇർഷാദ് എന്ന യുവാവിനെ സ്വർണക്കള്ളടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. അങ്ങനെ സ്വർണക്കടത്ത് സാമ്പത്തിക കുറ്റകൃത്യത്തിന് പുറമേ നാട്ടിലെ ക്രമസമാധാനം അട്ടിമറിക്കുന്ന ഭീഷണിയായും മാറിയിരിക്കുകയാണ്. അതിശക്തമായ നടപടികളിലൂടെ സ്വർണക്കടത്ത് തടയേണ്ടത് ജനങ്ങളുടെ സ്വെെര്യജീവിതം സംരക്ഷിക്കുന്നതിന് അനിവാര്യമായി മാറിയിരിക്കുന്നതിനാൽ സി. ബി.എെ തന്നെ രംഗത്ത് വരേണ്ടതുണ്ട്.