
കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ് ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസർ പ്രജീഷ് എന്നിവരാണ് വടകര കല്ലേരി സ്വദേശി സജീവൻ മരിച്ച സംഭവത്തിൽ അറസ്റ്റിലായത്. ഇരുവരും മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്. പൊലീസിന്റെ വാദം സ്ഥിരീകരിക്കണമെങ്കിൽ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. അതിനാൽ പരിശോധനയ്ക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറൻസിക് ലാബിന് കത്തയച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ, വടകര പൊലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഉത്തരമേഖലാ ഐജി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെയും പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.