
ഏറെ നാളായുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രമമാണ് ചീറ്റപ്പുലിയെ ഇന്ത്യയിൽ എത്തിക്കുക എന്നത്. ഈ അടുത്ത് അതിനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ എത്തിയെങ്കിലും പരാജയത്തിൽ കലാശിച്ചിരിക്കുകയാണ്. എട്ട് ചീറ്റകളെയാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽ മൂന്നെണ്ണം കൂട്ടിലിട്ട് വളർത്തപ്പെട്ടവയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവയെ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു കഴിഞ്ഞാൽ സ്വയം ഇരപിടിക്കാനുള്ള ശേഷി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ മൂന്ന് ചീറ്റകളെയും തിരിച്ചയക്കാനും തീരുമാനമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലായ് 20ന് ആണ് ഇന്ത്യയും ആഫ്രിക്കൻ രാജ്യമായ നമീബിയയും തമ്മിൽ ചീറ്റകളെ കൈമാറാനുള്ള മെമോറാൻഡത്തിൽ ഒപ്പിട്ടത്. മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കായിരുന്നു ഇവയെ കൊണ്ടുവരാൻ തീരുമാനിച്ചത്. എന്തായാലും നവംബർ വരെ പുതിയ ചീറ്റപ്പുലികളെ കൊണ്ടുവരുന്ന കാര്യത്തിൽ അനിശ്ചിതത്ത്വം നിലനിൽക്കുമെന്നാണ് കരുതുന്നത്.
1952 വരെ ചീറ്റപ്പുലികൾ ഇന്ത്യയിൽ നിലനിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇവയെ തിരികെ എത്തിക്കാനുള്ള കഠിന ശ്രമം ആരംഭിച്ചത്. വ്യാപകമായ വേട്ടയാടലാണ് നാശത്തിന് വഴിവച്ചത്. വീണ്ടും ഇവയെ രാജ്യത്തേക്ക് തിരികെ എത്തിക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്. അന്താരാഷ്‌ട്ര സംഘടനയായ ഐ.യു.സി.എന്നിന്റെ മാർഗനിർദേശം അനുസരിച്ച് മാത്രമേ കൈമാറൽ നടക്കുകയുള്ളൂ.