p-rajiv

തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസമുണ്ടായതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത നടപടി സിറ്റി പൊലീസ് കമ്മിഷണർ പിൻവലിച്ചു. മന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ എസ്.ഐ എസ്.എസ് സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി സുനിൽ എന്നിവരുടെ സസ്പെൻ‌ഷനാണ് റദ്ദാക്കിയത്. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ സേനയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാൻ പള്ളിച്ചൽഭാഗത്ത് നിന്നാണ് കൺട്രോൾ റൂമിലെ വെഹിക്കിൾ നമ്പർ 11ലെ പൊലീസുകാരെ നിയോഗിച്ചത്. കരമന - കിള്ളിപ്പാലം -അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കും കാരണം കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കൽപ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി -സാനഡു വഴി അണ്ടർപാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്നമായത്. പതിവ് റൂട്ട് മാറ്റിയത് മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നത്.

അതേസമയം, പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് നൽകിയ വിശദീകരണം. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയിലാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. കൺട്രോൾ റൂമിലും ഒരു എ.ഡി.ജി.പിയേയും ഗൺമാനാണ് വിളിച്ചത്. ഇതിനിടെ സസ്‌പെൻഡ് ചെയ്ത എസ്.എസ്.സാബുരാജന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. 261 പൊലീസുകാർക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡൽ പ്രഖ്യാപിച്ചത്.