posco

തിരുവനന്തപുരം : വേനലവധിയ്ക്ക് വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന 16 കാരിയായ പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതിയ്ക്ക് ഏഴ് വർഷം കഠിന തടവിനും 40,​ 000 രൂപ പിഴയും കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിയ്ക്കണം. കോട്ടയ്ക്കകം പുത്തൻ തെരുവിൽ താമസിക്കുന്ന ചിന്ന ദുരെെയ്ക്കാണ് (55) പ്രത്യേക പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴ തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം. രണ്ടുവർഷത്തോളമായി ജയിലിൽ തുടരുന്ന ഇയാൾക്ക് ബാക്കി കാലയളവ് ശിക്ഷ അനുഭവിച്ചാൽ മതി.

2020 ഏപ്രിൽ 24 നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ ചിന്ന ദുരെ കോട്ടയ്ക്കകം ഒന്നാം പുത്തൻ തെരുവിൽ വാടക താമസക്കാരനായിരുന്നു.

പ്രതിയുടെ വീട്ടിന് സമീപം കൂട്ടുകാർക്കും സഹോദരനുമൊപ്പം ഒളിച്ച് കളിച്ച് കളിക്കുകയായിരുന്ന പെൺകുട്ടിയോട് തന്റെ വീട്ടിൽ ഒളിക്കാൻ പറഞ്ഞു. പെൺകുട്ടി സഹോരനുമായി വീട്ടിനുള്ളിലേക്ക് കയറി. സഹോദരന്റെ ശ്രദ്ധമാറിയതോടെ പെൺകുട്ടിയെ ചിന്ന ദുരൈ കടന്നു പിടിച്ചു. കുതറി ഓടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. അപ്പൂപ്പന്റെ പ്രായമുളള പ്രതി കുട്ടിയോട് കാണിച്ച പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതി നിയമത്തിന്റെ ഒരു ദയയും അർഹിയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.