kochi

കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ഫ്ളാറ്റിൽ ഒളിപ്പിച്ച കേസിലെ പ്രതി അൻഷാദ് കുറ്റം സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് പിന്നിലെന്നും പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും എ സി പി പി വി ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് അൻഷാദ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ ഫ്ളാറ്റിൽ കൊണ്ടു വന്നപ്പോൾ കൃത്യം നടത്തിയ രീതി പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു നൽകി.

മലപ്പുറം സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് നേരത്തെ എത്തിച്ചേർന്നിരുന്നു. കൊച്ചിയിലെ ഈ ഫ്ളാറ്റിൽ എത്തിയാണ് പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. കൊച്ചിയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വ‌ർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.