
ചെന്നൈ : ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സർക്കാർ. ബസിൽ സ്ത്രീകൾക്കെതിരെയുള്ള തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ, ലൈംഗിക അതിക്രമം, ലൈംഗിക താത്‌പര്യത്തോടെ സമീപിക്കൽ തുടങ്ങിയവയെല്ലാം ശിക്ഷാർഹമാണ്. ഈ അതിക്രമങ്ങളിൽ പൊലീസിന് കേസെടുത്ത് അറസ്റ്റു ചെയ്യാം.
സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷൻമാരെ കണ്ടക്ടർ ഇറക്കി വിടുകയോ പൊലീസിന് കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തിൽ പറയുന്നു. ബസിൽ വച്ച് സ്ത്രീകളോട് മോശമായ ി പെരുമാറുന്ന കണ്ടക്ടർമാർക്കും കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെ പൊലീസുകാർക്ക് കേസെടുക്കാം. ബസുകളിൽ കണ്ടക്ടർമാർ പരാതി പുസ്തകം സൂക്ഷിക്കണം. കൃത്യമായ ഇടവേളകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്