
ഹരാരെ: സിംബാബ്‌വെയ്ക്കിതെരായ രണ്ടാം ഏകദിനത്തിൽ 5 വിക്കറ്റിന്റെ വിജം നേടിഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ പരമ്പര (2-0) സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38.1 ഓവറിൽ 161 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 25.4 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (167/5).
സഞ്ജുവാണ് താരം
വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണാണ് മാൻ ഓഫ് ദ മാച്ചായത്. അന്താരാഷ്ട്ര തലത്തിൽ സഞ്ജുവിന് ലഭിക്കുന്ന ആദ്യത്തെ മാൻ ഓഫ് ദ മാച്ച് പുരസ്കാരമാണിത്. പുറത്താകാതെ 39 പന്തിൽ 43 റൺസുമായി ഇന്ത്യയെ വിജയതീരത്തെത്തിക്കുകയും വിക്കറ്റിന് പിന്നിൽ മൂന്ന് ക്യാച്ചുകളെടുക്കുകയും റണ്ണൗട്ടുകളിൽ പങ്കാളിയാവുകയും ചെയ്ത മികവിനാണ് സഞ്ജുവിനെ കളിയിലെ താരമായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ടോപ് സ്കോററും സഞ്ജുവാണ്.
ഗുഡ് ബൗളിംഗ്
ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബൗളിംഗിന് അയക്കുകയായിരുന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ആതിഥേയരെ വരിഞ്ഞുമുറുക്കി. അവരുടെ സ്കോർ 8.4 ഓവറിൽ 20ൽ ആയിരിക്കെ ഓപ്പണർ കൈതാനോ (6) സിറാജിന്റെ പന്തിൽ വലത്തോട്ട് ഡൈവ് ചെയ്ത് സഞ്ജുവെടുത്ത മനോഹര ക്യാച്ചിലൂടെ പുറത്തായി. അധികം വൈകാതെ മറ്റൊരു ഓപ്പണർ കയായെ (6) ഷർദ്ദുലിന്റെ പന്തിൽ സഞ്ജുവിന് തന്നെ ക്യാച്ച് നൽകി മടങ്ങി. തുടർന്ന് കൃത്യമായി ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി 38.1 ഓവറിൽ ഇന്ത്യ സിംബാബ്‌വെയെ ഓൾഔട്ടാക്കുകയായിരുന്നു. ഇന്ത്യയ്കായി ഷർദ്ദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിറച്ചെങ്കിലും വീണില്ല
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്രനല്ലതല്ലായിരുന്നു. ഓപ്പണറായെത്തിയ ക്യാപ്ടൻ രാഹുൽ (1) തുടക്കത്തിലേ പുറത്തായി. ഇഷാൻ കിഷനും (6) നിരാശപ്പെടുത്തിയപ്പോൾ ശിഖർ ധവാനും ഗില്ലും 33 റൺസ് വീതം നേടി. 97/4 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച് 5-ാം വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജുവും ദീപക്ക് ഹൂഡയുമാണ് (25) ഇന്ത്യൻ ചേസിംഗിലെ പ്രതിസന്ധി മാറ്രിയത്. സഞ്ജു നാല് സിക്സും മൂന്ന് ഫോറും നേടി.