kk

തൃശൂർ : ബ്യൂട്ടി സ്പായുടെ മറവിൽ മയക്കുമരുന്ന് കച്ചവടവും പെൺവാണിഭവും നടത്തിയ കേസിൽ യുവതിയെയും സഹായിയായ സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. മൈലിപാടം സ്വദേശി ഹസീന (35)​,​ പട്ടാമ്പി സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. തൃശൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫും സംഘവും നടത്തിയ പരിശോധനയിലാണ് തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂൺ ബോഡി സ്പായിൽ നിന്ന് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയുമാണ് പിടികൂടിയത്.

ഹസീനയും അഭിലാഷും ചേർന്ന് ബ്യൂട്ടി സ്പായിൽ വരുന്നവർക്ക് മയക്കുമരുന്നും സ്ത്രീകളെയും ഏർപ്പാടാക്കി കൊടുക്കുകയായിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കി. ഇവിടെ വരുന്നവരുമായി സമീപ സ്ഥാപനങ്ങളിലെ ആളുകൾ വാഹന പാർക്കിംഗിനെ ചൊല്ലി തർക്കമുണ്ടാകുകയും ഇവിടെ വിദ്യാർത്ഥികളും ചെറുപ്പക്കാരും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്‌തതിനെ തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.

മയക്കുമരുന്ന് പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളും എം.ഡി.എം.എ പാക്ക് ചെയ്യുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട് 47,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തിട്ടുള്ള കെട്ടിടത്തിൽ 1000 സ്‌ക്വയർ ഫീറ്റുനുള്ളിൽ അഞ്ചോളം മുറികളാക്കി തിരിച്ചു ആവശ്യക്കാർക്ക് മുറി നൽകുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് ഇവരുടെ രീതി.

പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ വെച്ച് പരിചയപ്പെടുകയും കൂട്ടുകച്ചവടത്തിൽ എത്തിക്കുകയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷുമായി പലയിടങ്ങളിൽ കറങ്ങുകയും മയക്കുമരുന്ന് കൊണ്ടുവന്നു പാക്കറ്റുകളിലാക്കി വിതരണം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്.