kk

വികസനത്തിന്റെ പേരിൽ താമസിച്ചുവന്നിരുന്ന വീടും സ്ഥലവും നഷ്ടപ്പെടുന്നവർ നിരവധിയാണ്. വർഷങ്ങളോളമുള്ള അദ്ധ്വാനമാണ് ചിലപ്പോൾ റോഡ്,​ ദേശീയ പാത. റെയിൽവേ എന്നിവയ്ക്ക് വേണ്ടി വിട്ടുകൊടുക്കേണ്ടിവരുന്നത്. സംഗ്രൂരിലെ കർഷകനായ സുഖ്‌വിന്ദർ സിംഗും നേരിടേണ്ടി വന്നത് അത്തരമൊരു അനുഭവമാണ്.

ഏറെ നാളാണ് വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സുഖ്‌വിന്ദർ സിംഗ് കാത്തിരുന്നത്. ഒടുവിൽ എല്ലാ സമ്പാദ്യവും ചേർത്ത് വച്ച് കൃഷിയിടത്തോട് ചേർന്ന് ഇരുനില വീട് പണിതു,​ രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ വീടിന് ഏകദേശം 1.5 കോടി രൂപ ചെലവായി. ഇതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതിക്ക് കീഴിലുള്ള ‌ഡൽഹി- അമൃത്സർ- കത്ര എക്സ്പ്രസ് വേയ്ക്ക് വേണ്ടി വീട് ഒഴിഞ്ഞുകൊടുക്കണമെന്ന് സുഖ്‌വിന്ദർ സിംഗിന് നോട്ടീസ് ലഭിക്കുന്നത്. ആരായാലും തകർന്നുപോകുന്ന അവസ്ഥ. നഷ്ടപരിഹാരം വാങ്ങി വീട് ഒഴിഞ്ഞുപോകാൻ അദ്ദേഹത്തിന് തോന്നിയില്ല. ആഗ്രഹിച്ച് പണിത വീട് ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസില്ലായിരുന്നു. തുടർന്ന് രണ്ടുനില വീട് 500 മീറ്റർ അപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കാൻ സുഖ്‌വിന്ദർ സിംഗ് തീരുമാനിച്ചു.

വീട് മാറ്റി സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. തകരാറുകൾ കൂടാതെ വീട് സുരക്ഷിതമായി ഉയർത്തി 250 മീറ്ററോളം മാറ്റിക്കഴിഞ്ഞു. ഗ്രാമത്തിലെ തൊഴിലാളികളുടെ സഹായത്തോടെയാണ് സുഖ്‌വിന്ദർ ഇത് ചെയ്യുന്നത്. സുഖ്‌വിന്ദറിന്റെ മികച്ച തീരുമാനത്തിന് കൈയടിക്കുകയാണ് നാട്ടുകാരിപ്പോൾ.