
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
22, 23,24 തീയതികളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 22ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 23ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 24ാം തീയതി കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം, ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷമാവുകയാണ്. മഴ അതിശക്തമായി തുടരുന്നു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 38 ആയി. അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ അതിരൂക്ഷമായി തുടരുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം 22 മരണം റിപ്പോർട്ട് ചെയ്തു. ഒഡീഷയിൽ ആറു പേരും, ഉത്തരാഖണ്ഡിലും ജാർക്കണ്ഡിലും നാലുപേർ വീതവും മരിച്ചു. മഴ നാല് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.