
കൊച്ചി: ലഹരിമരുന്ന് മാഫിയ സംഘത്തിന്റെ മർദ്ദനത്തിൽ മദ്ധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതികളെ അറിയാമെന്ന് മരിച്ച വിമൽകുമാറിന്റെ കുടുംബം. പ്രദേശവാസിയായ നിധിനും സുഹൃത്തുക്കളുമാണ് മർദ്ദിച്ചതെന്നും പ്രദേശത്ത് ലഹരിമാഫിയ സജീവമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
അക്രമികളിലൊരാളായ നിധിനെക്കുറിച്ച് ബന്ധുക്കൾ പൊലീസിന് വിവരം നൽകി. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. വിമലിന്റെ മക്കളായ രോഹിനും അശ്വിനും ലഹരി മാഫിയ സംഘങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അക്രമികൾ വിമൽകുമാറിനെ മർദ്ദിച്ചത്.
അശ്വിനും സുഹൃത്തും വീടിന് പുറത്തുനിന്ന് സംസാരിക്കുന്നതിനിടെ ലഹരി സംഘവുമായി ബന്ധപ്പെട്ട രണ്ട് ചെറുപ്പക്കാർ അവിടെയെത്തുകയും ഇവരുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ അശ്വിനും സുഹൃത്തും ചേർന്ന് ചെറുപ്പക്കാരെ താക്കീത് നൽകി പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഇവർ തിരികെയെത്തി അശ്വിനെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് പുറത്തിറങ്ങിവന്ന വിമൽകുമാറിനെയും ചെറുപ്പക്കാർ ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ ചവിട്ടേറ്റതിനെത്തുടർന്ന് വിമൽകുമാർ അവശനാവുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും വഴിമദ്ധ്യേ മരിക്കുകയുമായിരുന്നു.