
ചെന്നൈ: സ്ത്രീയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ മോട്ടോർവാഹനനിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട് സർക്കാർ. സ്ത്രീയാത്രക്കാർക്ക് നേരെ തുറിച്ചുനോക്കുന്നവരെ ഇനി പുതിയ നിയമപ്രകാരം പൊലീസിൽ ഏൽപ്പിക്കാം. തുറിച്ചുനോട്ടത്തിന് പുറമേ ശരീരത്തിൽ സ്പർശിക്കുന്നത്, അശ്ലീല ചുവയോടെയുള്ള സംസാരം, കണ്ണിറുക്കൽ, ചൂളമടി എന്നിവയും കുറ്റകരമാണെന്ന് നിയമത്തിൽ ഉൾപ്പെടുത്തുന്നു.
ബസിൽ സ്ത്രീയാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പൊലീസിൽ ഏൽപ്പിക്കുകയോ ചെയ്യേണ്ടത് കണ്ടക്ടറുടെ ചുമതലയാണെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിയമവിരുദ്ധമാണ്. മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം പ്രവർത്തികൾ തുടരുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്ത്രീയാത്രക്കാരുടെ ശരീരത്ത് സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെയും നടപടിയുണ്ടാവും. സ്ത്രീയാത്രക്കാരോട് കണ്ടക്ടർമാർ അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. യാത്രക്കാർക്ക് പരാതി രേഖപ്പെടുത്താനുള്ള പുസ്തകം ബസിൽ സൂക്ഷിക്കണമെന്നും ഭേദഗതിയിൽ പറയുന്നു.