
ജയ്‌പൂർ: പശുവിനെ കശാപ്പുചെയ്യുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്. രാജസ്ഥാനിലെ ബിജെപി നേതാവും മുൻ എം എൽ എയുമായ ഗ്യാൻ ദേവ് അഹൂജയാണ് വിവാദപ്രസംഗം നടത്തിയത്. പശുവിനെ കശാപ്പുചെയ്ത അഞ്ചുപേരെ ഇതുവരെ കൊലപ്പെടുത്തിയെന്നും ബിജെപി പ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിനിടെ അഹൂജ പറഞ്ഞു. രാജസ്ഥാനിൽ 2017ലും 2018ലും നടന്ന ആൾക്കൂട്ടകൊലപാതകങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു നേതാവിന്റെ പ്രസംഗം.
അഹൂജ എം എൽ എയായിരുന്ന രാജസ്ഥാനിലെ രാംഗഡിലാണ് ഇരുകൊലപാതകങ്ങളും നടന്നത്. ബിജെപിയായിരുന്നു അന്ന് അധികാരത്തിൽ. രക്ബർ ഖാൻ, പെഹ്‌ലു ഖാൻ എന്നിവരായിരുന്നു പശുവിനെ കടത്തിയെന്ന പേരിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. എന്നാൽ ബിജെപി നേതാവ് പ്രസംഗത്തിനിടെ പറഞ്ഞ മറ്റ് മൂന്ന് കൊലപാതകങ്ങൾ ഏതെന്ന് വ്യക്തമല്ല.
കൊല്ലാനുള്ള സ്വാതന്ത്ര്യം താൻ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടെന്ന് പ്രസംഗത്തിൽ ബിജെപി നേതാവ് പറയുന്നു. തങ്ങൾ അവരെ കുറ്റവിമുക്തരാക്കുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യുമെന്നും അഹൂജ വ്യക്തമാക്കുന്നു, പെഹ്‌ലു ഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019 ൽ വെറുതെവിട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ അപ്പീൽ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രക്ബർ ഖാന്റെ കൊലപാതകത്തിൽ പ്രാദേശിക കോടതിയിൽ വിചാരണ തുടരുകയാണ്.
പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് അഹൂജയ്ക്കെതിയെ കേസ് രജിസ്റ്റർ ചെയ്തു. പശുവിനെ കശാപ്പുചെയ്യുന്നവരെ കൊല്ലുന്നവർ ദേശസ്നേഹികളാണെന്നും ഛത്രപതി ശിവാജിയുടെയും ഗുരു ഗോബിന്ദ് സിംഗിന്റെയും പിൻഗാമികളാണെന്നുമുള്ള പരാമർശങ്ങളും അഹൂജ മുൻപ് നടത്തിയിട്ടുണ്ട്.
അതേസമയം, അഹൂജയുടെ പരാമർശങ്ങളെ ബിജെപി നേതൃത്വം തള്ളി. അഹൂജയുടേത് വ്യക്തിപരമായ വാക്കുകളാണെന്നും പാർട്ടിയ്ക്ക് അത്തരത്തിൽ അഭിപ്രായമില്ലെന്നും ബിജെപി വ്യക്തമാക്കി.