
കോഴിക്കോട്: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലീം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ലീഗ് പറഞ്ഞതിൽ കാര്യമുണ്ടെന്നും ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങളും അത്തരത്തിലെ ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും മുരളീധരൻ പറഞ്ഞു.
ക്ളാസുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റിയാകില്ല. തലതിരിഞ്ഞ പരിഷ്കാരമാണത്. സർക്കാർ സ്കൂളുകൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെൻഡർ ന്യൂട്രൽ വിഷയം മതപരമല്ല, ധാർമികമായ പ്രശ്നമാണ്. ലിബറലിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിർക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾ വഴിതെറ്റും. അതിനാൽ ഇത് പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും എന്നിങ്ങനെയായിരുന്നു പി എം എ സലാം പറഞ്ഞത്.