visa

ചണ്ഡിഗഡ്: വിദേശത്തേക്കുള്ള സ്റ്റുഡന്റ് വിസ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ കനാലിൽ നിന്ന് കണ്ടെത്തിയിരുന്നു. ഷാബാദ് സബ് ഡിവിഷനിലെ ഗോര്ഖ സ്വദേശിയായ വികേഷ് സൈനി (23)യാണ് ആത്മഹത്യ ചെയ്തത്.

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറ‌ഞ്ഞു. ബിരുദപഠനം പൂർത്തിയാക്കിയ ശേഷം കാനഡയിൽ പോകാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. സുഹൃത്തിന് സ്റ്റുഡന്റ് വിസ ലഭിച്ചിട്ടിട്ടും തനിക്ക് വൈകുന്നതിൽ ഇയാൾ നിരാശനായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വ്യാഴാഴ്ച ഇയാളുടെ വിസ എത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. പിന്നാലെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ യുവാവിന്റെ ചെരുപ്പും വാഹനവും പ്രദേശത്തെ കനാലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ദ്ധരുടെ സഹോയത്തോടെ കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.