governor

ന്യൂഡൽഹി: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സി ക്രിമിനലിനെപ്പോലെ പെരുമാറുന്നുവെന്ന് ഗവർണർ ആരോപിച്ചു. സർവകലാശാലകളിലെ ബന്ധു നിയമനത്തെക്കുറിച്ചും കേരള സർവകലാശാല സെനറ്റ് പ്രമേയത്തെക്കുറിച്ചും ‌ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വി.സിയുടെ പെരുമാറ്റമെന്ന കഴിഞ്ഞ ദിവസത്തെ ആരോപണം ഇന്നും ഗവർണർ ആവർത്തിച്ചു. കേരള സർവകലാശാല പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും ഗവർണർ പ്രതികരിച്ചു. സർവകലാശാലകൾ ബന്ധുക്കളെ നിയമിക്കാനുള്ളതല്ലെന്നും സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനവും അന്വേഷിക്കുമെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു.

'മാന്യതയുടെ അതിർവരമ്പുകൾ കണ്ണൂർ വി.സി ലംഘിച്ചു. അദ്ദേഹം വി.സിയെപ്പോലെയല്ല പെരുമാറുന്നത്. ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികപരമായി നേരിടാൻ ശ്രമമുണ്ടായി. ഇതിന്റെ ഗൂഢാലോചന നടന്നത് ‌ഡൽഹിയിൽ.

കണ്ണൂർ യൂണിവേഴ്‌സിറ്റിയെ അദ്ദേഹം നശിപ്പിക്കുകയാണ്. പാർട്ടി കേഡറെപ്പോലെയാണ് വി.സി പെരുമാറുന്നത്. തന്റെ ഈഗോയെ തൃപ്‌തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. നിയമം മാത്രമേ ഞാൻ പിന്തുടർന്നിട്ടുള്ളു.

പരസ്യമായി വിമർശിക്കാൻ ആഗ്രഹിച്ചതല്ല, തന്നെ നിർബന്ധിതനാക്കിയതാണ്. ക്രിമനലിനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സർവകലാശാലയിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വി.സിയാണ്. വിമർശനങ്ങളെ പൂർണ മനസോടെ ഞാൻ സ്വാഗതം ചെയ്യുന്നു'- ഗവർണർ പറഞ്ഞു.