hareesh-peradi

സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ സർക്കാർ- ഗവർണർ പോരിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് താരം.

കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവർണർ ഉണ്ടെന്ന് കേരളത്തിലെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന് അഭിവാദ്യങ്ങളെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവർണർ ഉണ്ട് എന്ന് കേരളത്തിലെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്..ആരിഫ് മുഹമ്മദ് ഖാൻ സാറിന് അഭിവാദ്യങ്ങൾ.

സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ പ്രതികരിക്കുന്ന താരം സർക്കാരിനെയും ഉന്നതരെയും സിനിമാമേഖലയിലെ പ്രമുഖരെയും രൂക്ഷമായി വിമർശിക്കാറുണ്ട്. ഗവർണറെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പും ഏറെ ശ്രദ്ധനേടുകയാണ്.

അതേസമയം, കണ്ണൂർ വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കണ്ണൂർ വി.സി ക്രിമിനലിനെപ്പോലെ പെരുമാറുന്നുവെന്ന് ഗവർണർ ആരോപിച്ചു. സർവകലാശാലകളിലെ ബന്ധു നിയമനത്തെക്കുറിച്ചും കേരള സർവകലാശാല സെനറ്റ് പ്രമേയത്തെക്കുറിച്ചും ‌ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രൂക്ഷവിമർശനം.

പരസ്യമായി വിമർശിക്കാൻ ആഗ്രഹിച്ചതല്ല, തന്നെ നിർബന്ധിതനാക്കിയതാണ്. ക്രിമിനലിനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സർവകലാശാലയിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വി.സിയാണ്. വിമർശനങ്ങളെ പൂർണ മനസോടെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ പറഞ്ഞു.