
ദുൽഖർ സൽമാനെ നായകനക്കാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രമാണ് കുറുപ്പ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു. ശോഭിത, ഇന്ദ്രജിത്ത്, ടൊവിനോ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കിലൊരുങ്ങിയ ചിത്രമാണ് കുറുപ്പ്. മുപ്പത്തിയഞ്ച് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. ദുൽഖർ സൽമാന്റെ നിർമ്മാണ വിതരണ കമ്പനിയായ വേഫെയറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്‌ൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചത്. ജിതിൻ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. നിമിഷ് രവിയായിരുന്നു ഛായാഗ്രഹണം.

ഇപ്പോഴിതാ ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ പുറത്ത് വിട്ടിരിക്കുകയാണ് ദുൽഖർ. 112 കോടിയാണ് ചിത്രത്തിന്റെ ആകെ ബിസിനസ്. കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റ്‌ലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും താരം അറിയിച്ചു.