zoya-agarwal

സാൻ ഫ്രാൻസിസ്‌കോയിലെ എസ് എഫ് ഓ ഏവിയേഷൻ മ്യൂസിയത്തിൽ ഇടംനേടി ഇന്ത്യൻ വനിതാ പൈലറ്റ് സോയ അഗർവാൾ. ഉത്തരധ്രുവത്തിന് മുകളിലൂടെ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് എന്ന റെക്കാർഡിന് ഉടമയാണ് സോയ. പതിനാറായിരം കിലോമീറ്റർ റെക്കോർഡ് ദൂരം വിമാനം പറത്തിയാണ് സോയ ചരിത്രപുസ്തകത്തിൽ ഇടംനേടിയത്.

എസ് എഫ് ഓ ഏവിയേഷൻ മ്യൂസിയത്തിൽ ഇടംനേടുന്ന ആദ്യ പൈലറ്റാണ് സോയ. മ്യൂസിയത്തിൽ ഇടംനേടിയ ഒരേയൊരു മനുഷ്യനും സോയയാണ്. മ്യൂസിയത്തിൽ ഉൾപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റെന്ന റെക്കാർഡും സോയയ്ക്ക് സ്വന്തം.

2021ൽ സോയയുടെ നേതൃത്വത്തിൽ എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് സംഘം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ മുതൽ ബംഗളൂരു വരെയുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതയിൽ വിമാനം പറത്തി ലോകശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഇത്തരത്തിൽ ഒരു വനിതാ സംഘം ഏറ്റവും ദൈർഘ്യമേറിയ വിമാനപാതയിലൂടെ സഞ്ചരിക്കുന്നത്. സോയയുടെ ഈ നേട്ടമാണ് എസ് എഫ് ഓ മ്യൂസിയത്തിൽ ഇടംനേടുന്നതിന് വഴിതെളിച്ചത്.

ലോകത്തെക്കുറിച്ചുള്ള സോയയുടെ കാഴ്ചപ്പാടും മറ്റ് പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതയും ആഴത്തിൽ പ്രചോദിപ്പിക്കുന്നതാണെന്ന് എസ് എഫ് ഓ അധികൃതർ പറയുന്നു. സോയയുടെ പങ്കാളിത്തം ഭാവി തലമുറയെ സ്വപ്നങ്ങൾ കാണാനും അവയെ സ്വന്തമാക്കാനും പ്രചോദിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും നിശ്ചയദാർഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ട് സ്വപ്നം സഫലീകരിച്ച സോയ അഗർവാർ സ്ത്രീകൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്.