
2013ൽ കാണാതായ പെൺകുട്ടി ഒൻപത് വർഷങ്ങൾക്ക് ശേഷം അവളുടെ അമ്മയുടെ അടുത്തെത്തി. ഏഴ് വയസായിരുന്നു കാണാതാകുമ്പോൾ കുട്ടിയുടെ പ്രായം. മുംബയ് നഗരത്തിലെ സ്കൂളിന് പുറത്ത് നിന്ന് ഒരു ദമ്പതികൾ ഐസ്ക്രീം നൽകി പൂജ ഗൗഡ് എന്ന ഏഴുവയസുകാരിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
2013 ജനുവരി 22 നാണ് പൂജയെ കാണാതാകുന്നത്. സ്വന്തമായി കുട്ടിയില്ലാത്ത ദമ്പതികളാണ് പൂജയെ തട്ടിക്കൊണ്ട് പോയത്. ഹാരി ഡിസൂസയും ഭാര്യ സോണി ഡിസൂസയുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. മകളെ എപ്പോഴെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു എന്നും എന്നാൽ ദൈവങ്ങൾ തന്നോട് ദയ കാണിച്ചുവെന്നുമായിരുന്നു കുട്ടിയുടെ അമ്മ പൂനം ഗൗഡിന്റെ പ്രതികരണം.
രണ്ട് സഹോദരന്മാർക്കും മാതാപിതാക്കൾക്കുമൊപ്പം സബർബൻ ചേരി പ്രദേശത്തെ ഒരു ചെറിയ വീട്ടിലായിരുന്നു പൂജയുടെ താമസം. കാണാതായ ദിവസം സഹോദരനൊപ്പം സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇറങ്ങാൻ താമസിച്ചതിനാൽ പൂജയെ ഉപേക്ഷിച്ച് സഹോദരൻ സ്‌കൂളിലേക്ക് പോയി. അപ്പോഴാണ് ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ദമ്പതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ദമ്പതികൾ ആദ്യം ഗോവയിലേക്കും കർണാടകയിലേക്കും കൊണ്ടുപോയി. കരഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും പൂജ പറയുന്നു.

'ആദ്യം സ്‌കൂളിൽ പോകാൻ അനുവദിച്ചിരുന്നുവെങ്കിലും ദമ്പതികൾക്ക് സ്വന്തമായി ഒരു കുട്ടി ഉണ്ടായതോടെ എന്നെ സ്‌കൂളിൽ നിന്ന് മാറ്റുകയും എല്ലാവരും മുംബയിലേക്ക് മാറുകയും ചെയ്തു. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് പീഡനം രൂക്ഷമായത്. അവർ എന്നെ ബെൽറ്റ് കൊണ്ട് അടിക്കും, ചവിട്ടും, തല്ലും. ഒരിക്കൽ അവർ എന്നെ ഒരു റോളിംഗ് പിൻ കൊണ്ട് അടിച്ചു. എന്റെ മുതുകിൽ നിന്ന് രക്തം വരാൻ തുടങ്ങി. 12 മുതൽ 24 മണിക്കൂർ വരെ വീട്ടിലെ ജോലികൾ ചെയ്യിപ്പിച്ചു'- പൂജ പറഞ്ഞു.
ഇവരുടെ വീട് തന്റെ കുടുംബത്തിന് വളരെ അടുത്തായിരുന്നുവെന്ന് കുട്ടി പറഞ്ഞു. പക്ഷേ റോഡുകൾ പരിചിതമല്ലായിരുന്നു എന്നും അവർ എപ്പോഴും നിരീക്ഷിച്ചിരുന്നു എന്നും കുട്ടി വ്യക്തമാക്കി. പണമോ ഫോണോ ഇല്ലായിരുന്നു എന്നും ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും കുട്ടി കൂട്ടിചേർത്തു.
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പൂജ
ഒരു ദിവസം ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ മൊബൈൽ പൂജ കൈക്കലാക്കി. യൂട്യൂബിൽ തന്റെ പേര് ടൈപ്പ് ചെയ്‌തു കാര്യങ്ങൾ തിരക്കി. തട്ടിക്കൊണ്ടുപോകൽ പരാമർശിക്കുന്ന വീഡിയോകളും പോസ്റ്ററുകളും സഹായത്തിനായി വിളിക്കാവുന്ന നമ്പറുകളും അവൾ കണ്ടെത്തി.
കുഞ്ഞുങ്ങളെ നോക്കിയിരുന്ന ജോലിയാണ് പൂജ ചെയ്‌തിരുന്നത്. അതേ വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരിയായ പ്രമീള ദേവേന്ദ്രയുമായി സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാൻ പോലും പൂജയ്ക്ക് ഏഴ് മാസമെടുത്തു. ദേവേന്ദ്ര ഉടൻ തന്നെ അവളെ സഹായിക്കാൻ തയ്യാറായി. കാണാതായ പോസ്റ്ററിലെ നമ്പറുകളിലൊന്ന് പൂജയുടെ അമ്മയുടെ അയൽവാസിയായ റഫീഖിന്റെയാണെന്ന് മനസിലാക്കി. അമ്മയും മകളും ആദ്യം വീഡിയോ കോളിൽ സംസാരിക്കുകയും പിന്നീട് നേരിൽ കാണുകയും ചെയ്‌തു.
മകളിൽ തനിക്കറിയാവുന്നത് ജന്മായുള്ള ഒരു അടയാളം മാത്രമാണെന്നും പരിശോധനയിൽ അത് കണ്ടെത്തിയപ്പോൾ വികാരാധീതയായെന്നും പൂജയുടെ അമ്മ പറഞ്ഞു. എന്റെ എല്ലാ സംശയങ്ങളും പെട്ടെന്ന് മാറി. എന്റെ മകളെ കണ്ടെത്തിയെന്ന് ആ നിമിഷം ബോദ്ധ്യമായെന്ന് അമ്മ പറഞ്ഞു.

അമ്മയോട് സംസാരിച്ചതിന് പിന്നാലെ പൂജയും ഏതാനും കുടുംബാംഗങ്ങളും ദേവേന്ദ്രയും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തി. തട്ടിപ്പുകാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കെെമാറിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ശാരീരിക പീഡനം, ബാലവേല നിയമങ്ങളുടെ ലംഘനം എന്നിവ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുംബയ് പൊലീസ് പറഞ്ഞു.
പ്രിയപ്പെട്ടവൾ വർഷങ്ങൾക്ക് ശേഷം വീട്ടിലേയ്ക്ക്
പൂജയുടെ വീട്ടിലേക്കുള്ള മടക്കം അവളുടെ വീട്ടുകാർക്ക് മാത്രമല്ല, അവളെ അറിയാവുന്ന എല്ലാവരെയും ആനന്ദത്തിലാക്കി. ചെറുപ്പത്തിൽ അവളെ കണ്ട അയൽക്കാർ ഒരുനോക്ക് കാണാൻ എത്തി. ഇതിനിടയിൽ, അവളുടെ അമ്മ മകളുമായി നഷ്ടപ്പെട്ട വർഷങ്ങൾ നികത്താനുള്ള ശ്രമത്തിലാണ്. അവളുടെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്ത്, മുടി ചീകി അമ്മ പൂജയ്‌ക്കൊപ്പമുണ്ട്. ഇരുവരും പരമാവധി സമയം ഒരുമിച്ച ചിലവഴിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഇപ്പോളും ജീവിതം അവർക്ക് കഠിനം തന്നെയാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പൂജയുടെ അച്ഛൻ കാൻസർ ബാധിച്ച് നാല് മാസം മുമ്പാണ് മരിച്ചത്. കുട്ടികൾക്ക് വേണ്ടി ഒരു റെയിൽവേ സ്റ്റേഷനിൽ ലഘുഭക്ഷണം വിൽക്കുന്ന ജോലി അവളുടെ അമ്മയാണ് ചെയ്യുന്നത്. വരുമാനം തുച്ഛമായതിനാൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പാടുപെടുകയാണ്.ഇപ്പോൾ കേസും ഇവർക്ക് അധിക ചിലവാണ്.
പൂജ ഇപ്പോഴും അവളുടെ മാനസിക ആഘാതത്തിൽ നിന്നും പൂർണമായി പുറത്ത് വന്നിട്ടില്ല. അവൾ ദുഃസ്വപ്‌നങ്ങൾ കാണുകയും ഇനി ഒരിക്കലും തന്റെ പിതാവിനെ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടത്തിലുമാണ്. സ്വന്തം സുരക്ഷയ്ക്കായി അവൾ കൂടുതൽ സമയവും വീട്ടിൽ ചിലവഴിക്കുന്നു. അവൾ പുറത്തുപോകുമ്പോൾ ഒരു കുടുംബാംഗം എപ്പോഴും ഒപ്പമുണ്ടാകും.
'എനിക്ക് എന്റെ അമ്മയെ സാമ്പത്തികമായി സഹായിക്കണം, പക്ഷേ എനിക്ക് സാധിക്കുന്നില്ല. എനിക്ക് പഠിക്കണം'-പൂജ പറയുന്നു. ഈ പ്രശ്‌നങ്ങൾക്കിടയിലും അമ്മ സന്തോഷത്തിലാണ്. ജോലി ക്ഷീണിപ്പിക്കുന്നതാണെങ്കിലും പൂജയെ കാണുമ്പോഴെല്ലാം വീണ്ടും ശക്തി ലഭിക്കുന്നുവെന്നാണ് അമ്മ പറയുന്നത്. അവൾ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.