
ദിസ്‌പൂർ: പരീക്ഷാർത്ഥികൾ തട്ടിപ്പുനടത്താതിരിക്കുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ പരിസരങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുമെന്ന് അറിയിച്ച് സർക്കാർ. വിവിധ വകുപ്പുകളിലായി 27,000 ഗവൺമെന്റ് തസ്തികകളിലേക്കായി നടത്തുന്ന പരീക്ഷയിൽ പരീക്ഷാർത്ഥികൾ ക്രമക്കേടുകൾ നടത്താതിരിക്കുന്നതിനായി ആസാം സർക്കാരാണ് ഇത്തരമൊരു മാർഗം സ്വീകരിച്ചത്.
നാലുമണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത്. ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് തസ്തികളിലേക്കായുള്ള ഒന്നാംഘട്ട പരീക്ഷ ഇന്നും ബാക്കിയുള്ളവ ഓഗസ്റ്റ് 28നും സെപ്തംബർ 11നുമാണ് നടത്തുന്നത്. പതിനാല് ലക്ഷത്തോളം പേരായിരുന്നു പരീക്ഷയിൽ പങ്കെടുത്തത്.
പരീക്ഷ നടക്കുന്ന ജില്ലകളിൽ ഇന്റനെറ്റ് സേവനം ഉണ്ടായിരിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിപ്പ് നൽകി. എല്ലാ കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. പരീക്ഷാർത്ഥികളും ഇൻവിജിലേറ്ററും പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാനടത്തിപ്പ് ചുമതലയുള്ളവർ പരീക്ഷയുടെയും കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ പകർത്താനും നിർദേശമുണ്ട്.
പരീക്ഷയ്ക്ക് മുന്നോടിയായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമ ഡെപ്യൂട്ടി കമ്മീഷണർമാരും മറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷാനടത്തിപ്പിൽ യാതൊരു തരത്തിലെ പ്രശ്നങ്ങളും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.