ഷൂട്ടിംഗിനിടെ പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോകേണ്ട അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി അനുമോൾ. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഗാനരംഗത്തിലഭിനയിക്കുകയായിരുന്നു. ഷൂട്ടിംഗ് രംഗങ്ങിലെ തുടർച്ച സംബന്ധിച്ചുണ്ടായ വാക്കുതർക്കം പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നെന്ന് താരം പങ്കുവച്ചു. ടുമെൻ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താരം. അനിത എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് രംഗങ്ങളുടെ തുടർച്ച സംബന്ധിച്ച് 95 ശതമാനവും തനിക്ക് തെറ്റാറില്ല. താൻ പഠിച്ചത് അങ്ങനെയാണ്. വാക്കുതർക്കത്തിനിടെ എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരെയും വിളിച്ച് താൻ സീൻ വിവരിക്കാൻ പറഞ്ഞു. എന്നാൽ ആർക്കും അതിനെക്കുറിച്ച് അറിയാമായിരുന്നില്ല. അസോസിയേറ്റ് ഡയറക്ടറാണ് തന്നോട് തർക്കിച്ചത്. പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്റെ ഭാഗത്താണ് ശരിയെന്ന് മനസിലായെന്നും താരം പറഞ്ഞു. തനിക്ക് ആത്മാർത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകൻ പറഞ്ഞതായും അനുമോൾ കൂട്ടിച്ചേർത്തു.
കെ സതീഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇർഷാദ് അലി, രഞ്ജി പണിക്കർ, മിഥുൻ രമേഷ്, എം എ നിഷാദ്, ബിനു പപ്പു, ലെന, സുധീർ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.