ipo

 അപേക്ഷ സമർപ്പിച്ചത് 46 കമ്പനികൾ

 സമാഹരണലക്ഷ്യം ₹52,​000 കോടി

കൊച്ചി: പ്രാരംഭ ഓഹരി വില്പനയിൽ (ഐ.പി.ഒ)​ 2021 കാഴ്‌ചവച്ച റെക്കാഡ് മുന്നേറ്റത്തെ കടത്തിവെട്ടുമെന്ന ആവേശത്തോടെ 2022ന്റെയും കുതിപ്പ്. ഐ.പി.ഒയിലൂടെ ഓഹരിവിപണിയിൽ കന്നിച്ചുവട് വയ്ക്കാനായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയ്ക്ക് (സെബി)​ നടപ്പുവർഷം ഇതുവരെ അപേക്ഷ സമർപ്പിച്ചത് 46 കമ്പനികളാണ്; ഇവ സംയുക്തമായി ലക്ഷ്യമിടുന്ന സമാഹരണം 52,​000 കോടി രൂപയും.

ഈമാസത്തെ ആദ്യ രണ്ടാഴ്‌ചയിൽ മാത്രം ഏഴ് കമ്പനികൾ അപേക്ഷ (ഡ്രാഫ്‌റ്റ് റെഡ്-ഹെറിംഗ് പ്രോസ്‌പെക്‌ടസ് - ഡി.ആർ.എച്ച്.പി)​ നൽകി. ആഗോള,​ ആഭ്യന്തരതലത്തിലെ വെല്ലുവിളികളെ തുടർന്ന് ഈവർഷം ജനുവരി-ജൂണിൽ ഇന്ത്യൻ ഓഹരിസൂചികകൾ 13 ശതമാനത്തോളം ഇടിഞ്ഞിരുന്നു. പിന്നീട് മെല്ലെ കരകയറിയ ഓഹരിവിപണി 17 ശതമാനം നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഐ.പി.ഒ വിപണി വീണ്ടും സജീവമായത്.

ജൂണിന് ശേഷം ഇതുവരെ 25 കമ്പനികൾ അപേക്ഷ സമർപ്പിച്ചു. 2022ൽ ഇതുവരെ 17 കമ്പനികൾ ഐ.പി.ഒ നടത്തി 41,​783 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മേയിൽ നടന്ന എൽ.ഐ.സി ഐ.പി.ഒയാണ് ഏറ്റവും ശ്രദ്ധേയം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സംഘടിപ്പിച്ച എൽ.ഐ.സി ഐ.പി.ഒയിലൂടെ കേന്ദ്രം 20,​516 കോടി രൂപ സമാഹരിച്ചിരുന്നു. 2021ൽ 63 കമ്പനികളാണ് ഐ.പി.ഒയിലൂടെ ഓഹരിവിപണിയിൽ ആദ്യ ചുവടുവച്ചത്; 1.19 ലക്ഷം കോടി രൂപയും സമാഹരിച്ചു. രണ്ടും റെക്കാഡാണ്.

അങ്കത്തട്ടിലേക്ക് പ്രമുഖർ

ഓയോ റൂംസ്,​ ബജാജ് എനർജി,​ ഫാംഈസി,​ ഗോ എയർ,​ ഡ്രൂം,​ സാമീ ഹോട്ടൽസ്,​ ജെമിനി എഡിബിൾസ്,​ മൊബീക്വിക്ക്,​ ഒല കാബ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഈവർഷം ഐ.പി.ഒയ്ക്ക് സജ്ജമായിട്ടുള്ളത്. ഓയോ റൂംസ് 7,​000 കോടി രൂപയാണ് ഉന്നമിടുന്നത്. ഫാംഈസി 6,​250 കോടി രൂപയും ബജാജ് എനർജി 5,​450 കോടി രൂപയും.

ഐ.പി.ഒയും ഇന്ത്യയും

കമ്പനികളുടെ എണ്ണവും സമാഹരിച്ച ആകെത്തുകയും (തുക കോടിയിൽ)​

2013 : 5 ₹1,​284

2014 : 7 ₹1,​201

2015 : 21 ₹13,​513

2016 : 27 ₹26,​501

2017 : 38 ₹75,​279

2018 : 25 ₹31,​731

2019 : 16 ₹12,​687

2020 : 16 ₹26,​628

2021 : 63 ₹1.19 ലക്ഷം

2022 : 17* ₹41,​783

(*ഈവർഷം ഇതുവരെ നടന്ന ഐ.പി.ഒ)​