സിനിമകളിലും ജീവിതത്തിലും ആളുകളെ ചിരിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളാണ് ഉള്ളത്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഇന്നസെന്റ്. അഭിമുഖങ്ങളിലൊക്കെ രസകരമായ ഒട്ടനവധി സംഭവങ്ങൾ താരം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
' ഞാനൊക്കെ നല്ല തിരക്കായിട്ട് നടക്കണ കാലമാണ്. എനിക്കും ജഗതിക്കും കൂടി പറ്റിയ ഒരു റോൾ വന്നു. പാമ്പ് കളിക്കണ ആളുകളുടെ റോളാണ്. ഞാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ക്യാമറ ട്രിക്കാണെന്ന് പറഞ്ഞു. ഒരു കുട്ടയുമായി ഷൂട്ട് ചെയ്യാനുള്ള വീട്ടിലെത്തി. കുട്ടയിൽ പാമ്പുകളാണ്. ഞാൻ പാമ്പുകളിക്കില്ലെന്ന് പറഞ്ഞു. ജഗതി ചെയ്യാമെന്ന് പറഞ്ഞു. പാമ്പിന് തുന്നലിട്ടിട്ടുണ്ട്. പക്ഷേ ഞാൻ വയ്യെന്ന് പറഞ്ഞു.

കാപ്പിയോ ചായയോ എന്തോ ജഗതി കഴിച്ചിട്ടുണ്ട്. പാമ്പിന് കൊടുക്കാത്തത് നന്നായി. എങ്കിൽ പ്രശ്നമായേനെ. ജഗതി അതിനകത്ത് കയറി ഇത്രയും അക്രമം ചെയ്യുമെന്ന് ഞാൻ കരുതിയില്ല. ജഗതി ആ ചെപ്പൊക്കെ തുറന്നു. 10-15 പാമ്പ് വെളിയിൽ ചാടി. പാമ്പാട്ടിയ്ക്ക് പേടിയായി. ജഗതി മൂർഖൻ പാമ്പിനെ കഴുത്തിലിട്ടിട്ട് ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. പാമ്പിനെ എല്ലാം കൂട്ടിലാക്കിയിട്ട് പാമ്പാട്ടി പതിമൂന്നെണ്ണം കെടച്ചാച്ച് രണ്ടെണ്ണം കാണവില്ലയേ എന്ന് പറഞ്ഞു. ഉടമസ്ഥൻ പറഞ്ഞത് കേട്ടാണ് ഞെട്ടിയത്. രണ്ടെണ്ണം പോണെങ്കിൽ പോട്ടെന്ന് പറഞ്ഞു. ഒടുവിൽ രണ്ട് പാമ്പിനെയും കണ്ടെത്തി. ആ സിനിമ ഇന്ന് വരെ ഇറങ്ങിയിട്ടില്ല'- ഇന്നസെന്റ് പറഞ്ഞു.