priyankalal
എ.വി.പ്രിയങ്ക, എസ്.എസ്.രാജലാൽ

തിരുവനന്തപുരം: സഹപ്രവർത്തക പകുത്തു നൽകിയ കരൾ തുടുപ്പിൽ സി.പി.എം പേരൂർക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാൽ (58) പുതു ജീവിതത്തേലേക്ക് പിച്ചവയ്‌ക്കുമ്പോൾ ചർച്ചയാകുന്ന ഒരു നന്മമുഖമുണ്ട്. ഡി.വൈ.എഫ്.ഐ കരകുളം മേഖലാ ജോയിന്റ് സെക്രട്ടറി എ.വി. പ്രിയങ്കയാണ് (29) ആ മിന്നുംതാരം. കരൾ പകുത്തു നൽകാൻ കരകുളം സർവീസ് സഹകരണ ബാങ്കിലെ കളക്‌ഷൻ ഏജന്റുകൂടിയായ പ്രിയങ്ക തീരുമാനിച്ചപ്പോൾ ഒരു നാടാകെ അവർക്കൊപ്പം നിന്നു.

ആശുപത്രിവാസവും നിരീക്ഷണവും കഴിഞ്ഞ് പ്രിയങ്ക കരകുളത്തെ വാടകവീട്ടിൽ തിരിച്ചെത്തി ഫേസ്ബുക്കിൽ അനുഭവം പങ്കുവച്ചപ്പോഴാണ് സംഭവം നാടറിഞ്ഞത്.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ജൂലായ് 12നായിരുന്നു ശസ്ത്രക്രിയ. രാജലാൽ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിരീക്ഷണത്തിലാണ്. ഭാര്യ അജിത ഒപ്പമുണ്ട്. രണ്ടുമാസം കഴിഞ്ഞാലേ വീട്ടിലേക്ക് മടങ്ങാനാകൂ. പലയിടത്തും ചികിത്സിച്ചിട്ടും രോഗം ഭേദമാകാതെ വന്നതോടെയാണ് കരൾ മാറ്റിവയ്ക്കലേ വഴിയുള്ളൂവെന്ന് രാജലാൽ തിരിച്ചറിഞ്ഞത്. കരൾ പകുത്ത് നൽകാൻ ഭാര്യ തയ്യാറായെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.

 ഞെട്ടിച്ച തീരുമാനം

ഏണിക്കര ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിലൂടെയാണ് വിവരം പ്രയങ്ക അറിഞ്ഞത്. പക്ഷേ കരൾ പകുത്തു നൽകാൻ അവളൊരു നിബന്ധന വച്ചു. ശസ്ത്രക്രിയ കഴിയുംവരെ ദാതാവിനെ പുറംലോകമറിയരുത്. തുടർന്ന് അമ്മയ്ക്കും പത്തുവയസുകാരി മകൾക്കുമൊപ്പമാണ് പ്രിയങ്ക കൊച്ചിയിലെ ആശുപത്രിയിലെത്തി 11ന് അഡ്മിറ്റായത്. 12ന് രാവിലെ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ. ഡിസ്ചാർജായിട്ടും പ്രതിവാര പരിശോധനയ്ക്കായി ഒരുമാസം ആശുപത്രിക്കടുത്ത് താമസിച്ചു. ഒക്ടോബറിലെ പരിശോധനയ്ക്ക് ശേഷം ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണ് പ്രിയങ്ക.

'രക്തബന്ധമില്ലാത്ത ഒരാൾ എന്തിന് ഇതിന് തയ്യാറാകുന്നെന്നാണ് പലരും സംശയിച്ചത്. രക്തബന്ധത്തെക്കാൾ വലുതാണല്ലോ മനുഷ്യസ്നേഹം.'

- എ.വി.പ്രിയങ്ക