fpi

കൊച്ചി: ഇന്ത്യൻ ഓഹരികൾ വീണ്ടും വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ)​. ഈമാസം ഇതുവരെ 44,​481 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. ജൂലായിൽ 5,​000 കോടി രൂപയ്ക്കും ഓഹരികൾ വാങ്ങിയിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ മുതൽ ജൂൺവരെ തുടർച്ചയായി എല്ലാമാസവും നിക്ഷേപം പിൻവലിച്ചശേഷമാണ് വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങിത്തുടങ്ങിയത്. ഒക്‌ടോബർ-ജൂണിൽ 2.46 ലക്ഷം കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്; ഇത് റെക്കാഡ് നഷ്‌ടമായിരുന്നു.

അതേസമയം,​ ഡോളറിനെതിരെ രൂപയുടെ പ്രകടനം,​ നാണയപ്പെരുപ്പത്തിന്റെ ഗതി,​ ആഗോളതലത്തിൽ ഉയരുന്ന പലിശനിരക്ക്,​ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂൺപാദ പ്രവർത്തനഫലം എന്നിവ വരുംമാസങ്ങളിൽ വിദേശനിക്ഷേപത്തിന് ചാ‌ഞ്ചാട്ടത്തിന് ഇടയാക്കുമെന്ന് നിരീക്ഷകർ വാദിക്കുന്നുണ്ട്. ഈമാസം ഒന്നുമുതൽ 19 വരെയുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകർ ഇന്ത്യൻ കടപ്പത്ര വിപണിയിലും 1,​673 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.