
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇടത്‌മുന്നണി. രാജ്‌ഭവനും ഗവർണർ പദവിയും ദുരുപയോഗം ചെയ്യരുതെന്ന് ഇടത്‌മുന്നണി കൺവീനർ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. പദവിക്ക് ചേരാത്തവിധം ഗവർണർ പ്രവർത്തിക്കുന്നു.
സംഘപരിവാർ ഗൂഢാലോചനാ കേന്ദ്രമായി രാജ്‌ഭവനെ ഗവർണർ മാറ്റിയെന്ന് ആരോപിച്ച എൽഡിഎഫ് കൺവീനർ കണ്ണൂർ വി.സിയ്‌ക്ക് പിന്തുണ നൽകുന്നതായും അറിയിച്ചു. ആർഎസ്എസ് സേവകനെപ്പോലെ ഗവർണർ തരംതാഴുന്നെന്ന് ഇ.പി ജയരാജൻ ആരോപിച്ചു. എല്ലാ സീമകളും ഗവർണർ ലംഘിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പറഞ്ഞു. കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ ഒന്നാം റാങ്കുകാരിയുടത്ര യോഗ്യത രണ്ടാം റാങ്കുകാരനില്ലെന്നും അദ്ദേഹം ആരോപിച്ചു. നെറ്റ് പാസായിട്ടില്ലെന്നും ഡിഗ്രി ഇക്കണോമിക്‌സാണ് പഠിച്ചതെന്നും എം.വി ജയരാജൻ പറഞ്ഞു.
നേരത്തെ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ കടുത്ത ആരോപണമാണ് ചാൻസലർ കൂടിയായ ഗവർണർ നടത്തിയത്. ഭരണകക്ഷിയുടെ കേഡറെ പോലെയാണ് വി.സിയുടെ പെരുമാറ്റമെന്ന് കഴിഞ്ഞ ദിവസത്തെ ആരോപണം ഇന്നും ഗവർണർ ആവർത്തിച്ചു. കേരള സർവകലാശാല പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും ഗവർണർ ഇന്ന് പ്രതികരിച്ചിരുന്നു.